വർഷങ്ങളായി വിമാനടിക്കറ്റ് നിരക്ക് വർധനയുടെ പേരിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് പ്രതീക്ഷ നൽകി കേരള ഹൈകോടതിയുടെ ഇടപെടൽ. പ്രവാസികൾ ഉൾപ്പെടെയുള്ളവർ നൽകിയ ഒന്നിലേറെ ഹർജികളാണ് ഗൾഫിലേക്കുള്ള അന്യായമായ വിമാന ടിക്കറ്റ് നിരക്ക് വർധന ചോദ്യം ചെയ്ത് കേരള ഹൈകോടതിയിലുള്ളത്. ഈ കേസുകളിലാണ് അടുത്തടുത്ത ദിവസങ്ങളിലായി വ്യത്യസ്ത ബെഞ്ചുകൾ കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനുമെതിരെ വിമർശനം ഉന്നയിച്ച് വിശദീകരണം ആവശ്യപ്പെട്ടത്.
ഗൾഫ് വ്യവസായിയും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ കെ. സൈനുൽ ആബിദീൻ സമർപ്പിച്ച ഹർജിയിൽ നിരക്ക് വർധന നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായ വിമർശനമാണ് കോടതിയിൽ ഉന്നയിച്ചത്. അഡ്വ. സജൽ മുഖേന നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രവാസികൾ നേരിടുന്ന ഗുരുതരമായ യാത്രാപ്രശ്നം സംബന്ധിച്ച ആവശ്യം കേന്ദ്ര സർക്കാറിൽ ഉന്നയിക്കാൻ തയാറാവാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചത്. കൂടാതെ ഹർജിയിൽ സംസ്ഥാന സർക്കാറിനെ സ്വമേധയ കക്ഷിചേർത്ത് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നൽകാത്തതിനെയും കോടതി വിമർശിച്ചു. വിമാന നിരക്ക് വർധന മൂലമുള്ള ബുദ്ധിമുട്ട് കേന്ദ്ര സർക്കാരിന്റെതടക്കം ശ്രദ്ധയിൽപ്പെടുത്താൻ സംസ്ഥാന സർക്കാറിന് കഴിയുമെന്നതിനാലാണ് കേസിൽ കക്ഷിയാക്കിയത്.
ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ്) ഓർഗനൈസിങ് സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ദുബായ്വ്യവസായി സജി ചെറിയാൻ, പ്രവാസി കോൺഗ്രസ് ഭാരവാഹി സതീഷ് ചന്ദന എന്നിവർ ചേർന്നു നൽകിയ ഹരജിയിൽ കേരള ഹൈകോടതി ചീഫ് ജസ്റ്റിസും രൂക്ഷ വിമർശനം നടത്തി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാറിൽനിന്നും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
പത്ത് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകിയത്. അഡ്വ. അലക്സ് കെ. ജോൺ മുഖേനയാണ് പ്രവാസി പൊതു പ്രവർത്തകർ ഹൈകോടതിയെ സമീപിച്ചത്. അതേസമയം നിയന്ത്രണമില്ലാതെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാറിനോടും ആരാഞ്ഞു.