അബുദാബിയിൽ വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് ഇനി മുതൽ അബുദാബി സർക്കാർ ഏറ്റെടുക്കും. അബുദാബിയിൽ താമസവിസയുള്ള പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മരണ സർട്ടിഫിക്കറ്റ്, എംബാമിങ് ചെലവുകളും സർക്കാർ വഹിക്കും.
അബുദാബിയിലെ യുഎഇ സ്വദേശികൾക്കായി നടപ്പാക്കിയ സനദ്കോം എന്ന പദ്ധതിയുടെയാണ് ആനുകൂല്യം പ്രവാസികൾക്കും ലഭ്യമാക്കുക. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായം സനദ്കോം പദ്ധതിയിലൂടെ ലഭിക്കും. മരണം റിപ്പോർട്ട് ചെയ്‌താൽ തുടർ നടപടികൾക്കായി സനദ്കോം പദ്ധതിയിൽ നിന്ന് സർക്കാർ പ്രതിനിധിയെ നിയോഗിക്കും. അതിനാൽ ഏകീകൃത സംവിധാനത്തിലൂടെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കും.
മരണസർട്ടിഫിക്കറ്റ്, എംബാമിങ് തുടങ്ങിയവക്ക് വേണ്ടി വരുന്ന ചെലവുകൾ മഅൻ എന്ന സോഷ്യൽ കോൺട്രിബ്യൂഷൻ അതോറിറ്റി ഏറ്റെടുക്കും. ആംബുലൻസ് മുതൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള മുഴുവൻ നടപടികൾക്കും സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.