നിങ്ങൾ 30,000 ദിര്‍ഹം മാസ ശമ്പളമുള്ള പ്രൊഫഷനലുകൾ ആണെങ്കിൽ യുഎഇ ഗോള്‍ഡന്‍ വിസയ് അപേക്ഷിക്കാമെന്ന് അധികൃതർ. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിൻ്റെ വര്‍ഗീകരണം അനുസരിച്ച് ഒന്നും രണ്ടും കാറ്റഗറി ജോലികള്‍ ചെയ്യുന്ന പ്രൊഫഷനലുകള്‍ക്കാണ് അവസരം. ബാച്ചിലേഴ്‌സ് ഡിഗ്രിക്ക് പുറമേ യുഎഇയില്‍ സാധുതയുള്ള തൊഴില്‍ കരാര്‍ കൈവശമുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.
അപേക്ഷകൻ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻ്റുമെൻ്റും യൂണിവേഴ്സിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിദേശ സര്‍വകലാശാസയുടെ ബിരുദമാണെങ്കില്‍ അത് അപേക്ഷകൻ്റ നാട്ടിലെ യുഎഇ എംബസിയും യുഎഇയിലെ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയിരിക്കണം. ജോലി ചെയ്യുന്ന കമ്പനിയുടെ എൻഓസിയും അതാത് മന്ത്രാലയത്തിൽ നിന്നുളള തൊഴില്‍ കരാറും ശമ്പള സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളാണ്.
നിര്‍ദ്ദിഷ്ട മന്ത്രാലയങ്ങളില്‍ നിന്ന് അപേക്ഷകൻ്റെ യോഗ്യതകള്‍ വ്യക്തമാക്കുന്ന ഗോള്‍ഡന്‍ വിസ നോമിനേഷന്‍ കത്തും പ്രധാനമാണ്. സംസ്‌കാരിക, കലാ മേഖലകളിലെ അപേക്ഷകർ ദുബായ് കള്‍ച്ചര്‍ അതോറിറ്റിയില്‍ നിന്നോ സാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്നോ ആണ് നോമിനേഷന്‍ കത്ത് വാങ്ങേണ്ടത്.
ദുബായ് വിസയുള്ളവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനോ ഔദ്യോഗിക വെബ് പോര്‍ട്ടലോ (https://www.gdrfad.gov.ae) അപേക്ഷകൾ സമർപ്പിക്കാനായി ഉപയോഗിക്കാം. മതിയായ രേഖകൾ സഹിതം ടൈപ്പിംഗ് സെൻ്ററുകളുടെ സഹായവും തേടാം.