വിസാത്തട്ടിപ്പ്, വ്യാജ റിക്രൂട്ട്‌മെൻ്റ് തുടങ്ങിയ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ യുഎഇയിലെ പ്രവാസികൾക്ക് ബോധവത്കരണവുമായി ഗ്ലോബൽ പ്രവാസി യൂണിയൻ. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും സുരക്ഷയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടന എന്നനിലയിലാണ് ബോധവത്കരണം ആരംഭിച്ചത്.
തൊഴിൽ തേടി യുഎഇയിലെത്തുന്ന നിരവധി ആളുകൾ വ്യാജ റിക്രൂട്ട്മെൻ്റ് കെണയിൽ അകപ്പെടുന്നത് പതിവാണ്. വ്യാജ ഏജൻസികൾ ജോലിക്കായി റിക്രൂട്ട്മെൻ്റുകൾ സംഘടിപ്പിക്കുകയും നൂറ് മുതൽ 500 ദിർഹം വരെ ഫീസായി ഈടാക്കുകയും ചെയ്തശേഷം കടന്നുകളയുക പതിവാണ്. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും ഗ്ലോബൽ പ്രവാസി യൂണിയൻ ഓർമ്മപ്പെടുത്തി.
പണം വാങ്ങി റിക്രൂട്ട്മെൻ്റ് നടത്തുന്നത് നിയമപരമായി യുഎഇയിൽ നിരോധിച്ചിട്ടുണ്ട്. വ്യാജ റിക്രൂട്ട്മെൻ്റിന് പുറമേ വിസാത്തട്ടിപ്പിന് ഇരയാകുന്നവരും ഏറെ. പ്രവാസികളുടെ പേരിൽ ബാങ്ക് ലോൺ എടുത്തശേഷം ഉടമകൾ കടന്നുകളയുന്ന തരത്തിലുള്ള വ്യത്യസ്ത തട്ടിപ്പുകൾക്കെതിരേയും സംഘടന പ്രവാസികളെ ബോധവത്കരിക്കുന്നുണ്ടെന്ന് ഗ്ലോബൽ പ്രവാസി യൂണിയൻ പ്രസിഡൻ്റ് അഡ്വ. ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു.
യുഎഇയിലെ മലയാളികൾ കൂടുതലുള്ള തൊഴിൽ ക്യാമ്പുകൾ കേന്ദ്രീകരിച്ചായിരിക്കും യൂണിയൻ്റെ ബോധവത്കരണ പ്രവർത്തനങ്ങൾ. തട്ടിപ്പുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഗ്ലോബൽ പ്രവാസി യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc