അപ്രതീക്ഷിതമായി പെയ്ത കനത്തമഴയും ദുരിതങ്ങളും പിന്നിട്ട് യുഎഇ സാധാരണ നിലയിലേക്ക്. പ്രളയ നാശം വിതച്ച വടക്കന്‍ മേഖലകളായി ഫുജൈറയിലും റാസല്‍ ഖൈമയിലും ജനജീവിതം പൂര്‍വ്വ സ്ഥിതിയിലേക്കെത്തിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. തകര്‍ന്ന റോഡുകളും ഗതാഗതവും പുനസ്ഥാപിച്ചു. വൈദ്യുതി വിതരണവും സാധാരണ നിലയിലായി.
താഴ്ന്ന പ്രദേശത്തെ വെളളക്കെട്ടുകളും കുറഞ്ഞു. കെട്ടിടങ്ങളിലേയും പാര്ക്കിുംങ്ങുകളിലേയും ചെളി കഴുകി വൃത്തിയാക്കുകയും ശുചീകരണ- അണുനശീകരണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കുകയും ചെയ്തു. റസ്ക്യൂ, ആമ്പുലന്‍സ്. ട്രാഫിക്, സിവില്‍ഡിഫന്‍സ് , പോലീസ്, മുനിസിപ്പാലിറ്റി, ദുരന്തനിവാരണ സംഘം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പേമാരിയേയും പ്രളയത്തേയും നേരിട്ടത്.
മൂവായിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനായതും സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായാണ്. നാശനഷ്ടങ്ങൾ സംബന്ധിച്ച കണക്കെടുപ്പ് പുരോഗമിക്കുന്നതായി അഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ ഡോ. അലി സലീം അൽ തുനൈജി വ്യക്തമാക്കി.
അതേസമയം വെളളക്കെട്ട് ഒഴിയാത്ത പ്രദേശങ്ങളില്‍ ഗതാഗതം വഴിതിരിച്ച് വിട്ടിട്ടുണ്ട്. കടലിലേക്ക് ജലം ഒഴുക്കിക്കളയുന്ന പ്രവര്‍ത്തനങ്ങളും തുടരുകയാണ്. താമസക്കാരോടും കച്ചവടക്കാരോടും നാശനഷ്ടങ്ങളുടെ കണക്കുകൾ ബോധിപ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് രേഖകൾ ലഭിക്കന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സൗകര്യവും ഒരുക്കി.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും ഗ്ലോബല്‍ ഓര്ഗനൈസേഷന്, റെഡ് ക്രെസന്റ് , വിവിധ പ്രവാസി സംഘടനകൾ, സാമൂഹിക – ജീവകരുണ്യ പ്രസ്ഥാനങ്ങൾ എന്നിവരുടെ സേവനവും ദുരിദാശ്വാസ മേഖലകളിലുണ്ടായി. ഏഴ് ഏഷ്യന്‍ വംശജരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. അതേസമയം വരും ദിവസങ്ങളിലും മഴ തുടരുമെന്നും ജാഗ്രത വേണമെന്നും അധികൃതര്‍ സൂചിപ്പിച്ചു.