യുഎഇയില്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവ്. ദേശീയ ഇന്ധനവില കമ്മിറ്റിയുടെ ജൂലൈ മാസത്തെ പ്രഖ്യാപനത്തിലാണ് വിലവര്‍ദ്ധനവ് രേഖപ്പെടുത്തയിത്. ജൂലൈ 1 മുതല്‍ വില വര്‍ദ്ധനവ് നിലവില്‍ വന്നെന്നും കമ്മിറ്റി.
തുടര്‍ച്ചയായ രണ്ടാം മാസവും യുഎഇയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയരുകയായിരുന്നു. സൂപ്പര്‍ – 98 പെട്രോളിന് വില 4.63 ദിര്‍ഹമായി ഉയര്‍ന്നപ്പോൾ സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 4.52 ദിര്‍ഹമായി. കഴിഞ്ഞമാസം യഥാക്രമം 4.03 ദിര്‍ഹം, 4.14 ദിര്‍ഹം എന്നിങ്ങനെയായിരുന്നു വില. കഴിഞ്ഞ മാസം ഇത് 3.96 ദിര്‍ഹമായിരുന്ന ഇ-പ്ലസ് പെട്രോളിന് 4.44 ദിര്‍ഹമായിരിക്കും ഇനി നല്‍കേണ്ടത്. അതേസമയം ഡീസല്‍ വിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു ലിറ്റര്‍ ഡീസലിന്റെ വില4.14ല്‍നിന്ന് 4.76 ദിര്‍ഹത്തിലെത്തി.
യുഎഇയില്‍ ഇന്ധന വില ആദ്യമായി 4 ദിര്‍ഹം കടന്നത് കഴിഞ്ഞ ജൂണിലാണ്. ഒരുമാസത്തിനിടെ വീണ്ടും വിലവര്‍ദ്ധവ് രേഖപ്പെടുത്തുകയായിരുന്നു. ഒപെക് രാജ്യങ്ങളില്‍ പെട്രോളിയം ഉല്‍പ്പാദനത്തിലുണ്ടായ കുറവും ആഗോള ഉപയോഗം വര്‍ദ്ധിച്ചതുമാണ് ഇന്ധന വിലവര്‍ദ്ധനവിന് പ്രധാന കാരണം.