യാത്രക്കാർക്ക് ആശ്വാസമായി ഷെയ്ഖ് സായിദ് ഫെസ്റ്റിലേക്ക് സൗജന്യ ബസ് സർവീസ് ആരംഭിച്ച് അബുദാബി മൊബിലിറ്റി. നഗരത്തിലെ പ്രധാന ബസ് സ്‌റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന സർവീസ് അൽ ഇത്തിഹാദ് സ്ട്രീറ്റിലെ റബാൻ മാൾ, ബനിയാസ് എന്നിവിടങ്ങളിലൂടെയാണ് ഫെസ്‌റ്റിവൽ നഗരിയിലേയ്ക്ക് എത്തുന്നത്.
പ്രവൃത്തി ദിനങ്ങളിൽ 48 ട്രിപ്പും വാരാന്ത്യങ്ങളിൽ 54 ട്രിപ്പുകളുമാണുണ്ടാകുക. ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്കുശേഷം 3 മുതൽ രാത്രി 10 വരെ 20 മിനിറ്റ് ഇടവിട്ട് ബസ് സർവീസുണ്ടാകും. ഫെസ്റ്റിവൽ നഗരിയിൽ നിന്ന് വൈകിട്ട് 4.30 മുതൽ രാത്രി 12 വരെ നഗരത്തിലേക്കും സർവീസുണ്ടാകും.
വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിൽ അബുദാബിയിൽ നിന്ന് രാത്രി 11 വരെയും ഉത്സവ നഗരിയിൽ നിന്ന് പുലർച്ചെ 1.10 വരെയും സർവീസുകൾ ഒരുക്കിയിട്ടുണ്ട്. നഗരത്തിൽ നിന്നും 45 കി.മീ അകലെയുള്ള ഫെസ്റ്റിലേക്ക് സ്വന്തമായി വാഹന സൗകര്യമില്ലാത്ത സാധാരണക്കാർക്ക് എത്തിപ്പെടാൻ പുതിയ ബസ് സർവ്വീസ് ഉപകാരപ്രദമാകും.