53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. നവംബർ 28 മുതൽ ഡിസംബർ 4 വരെയാണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.
ഇതിനുപുറമെ നിരവധി ഓഫറുകളും ടെലികോം ഓപ്പറേറ്ററായ ഡു പ്രാഖ്യാപിച്ചിട്ടുണ്ട്. പ്രീപെയ്ഡ് ഫ്ലെക്സി വാർഷിക പ്ലാനുകൾ വാങ്ങുകയോ അതിലേക്ക് മാറുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് സാധുതയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബർ 31 വരെയാണ് ഈ ഓഫർ ലഭ്യമാക്കിയിട്ടുള്ളത്.
ഓഫറിന് യോഗ്യരായവർക്ക് (പ്രീപെയ്ഡ് ഉപയോക്താക്കളോ പോസ്റ്റ്പെയ്ഡ് പ്ലാൻ വരിക്കാരോ) നവംബർ 28-ന് വൈകുന്നേരം (അർദ്ധരാത്രിക്ക് മുമ്പ്) ഒരു മെസേജ് ലഭിക്കും. യുഎഇ ദേശീയ ദിനത്തിനായുള്ള സൗജന്യ ഡാറ്റ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഈ മെസേജിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.