യുഎഇയിൽ റമദാനോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി ഉദ്യോഗസ്ഥർ. സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനും ഭക്ഷണം പാഴാക്കുന്നത് തടയുന്നതും ലക്ഷ്യമിട്ടാണ് അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി പരിശോധനയും ബോധവൽക്കരണവും ആരംഭിച്ചത്.
ഭക്ഷണ ശാലകൾ, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, വിതരണക്കാർ, വിൽപനകേന്ദ്രങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്ക് കടകൾ, റസ്റ്റാറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടത്തും പരിശോധനകൾ നടത്തും. മത്സ്യ – മാംസ മാർക്കറ്റുകളിലും പഴം-പച്ചക്കറി വ്യാപാര കേന്ദ്രങ്ങളിലും പരിശോധനകൾ ഉണ്ടാകും.
ഭക്ഷണവിതരണ സ്ഥാപനങ്ങളിലെ ശുചിത്വം അധികൃതർ ഉറപ്പുവരുത്തുമെന്നും തൊഴിലാളികൾക്കും മറ്റ് ജീവനക്കാർക്കും ബോധവൽക്കരണം നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തൊഴിലാളികൾ കൈയുറ ധരിക്കുകയും തല മറയ്ക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.
ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും വിളമ്പുന്നതും മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും അധികൃതർ സൂചിപ്പിച്ചു. ഭക്ഷ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് ഉദ്യോഗസ്ഥർ പൊതുജനങ്ങളേയും ബോധവൽക്കരിക്കും.