യുഎഇയില്‍ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഫെഡറല്‍ ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്ക് ജോലി സമയം തെരഞ്ഞെടുക്കാന്‍ അനുമതി. ജീവനക്കാരുടെ കുട്ടികളെ അധ്യയന വര്‍ഷത്തിന്‍റെ ആദ്യ ദിനങ്ങളില്‍ സ്കൂളിലേക്ക് അയയ്ക്കാനുളള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് നടപടി. വെള്ളിയാഴ്ച പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഇക്കാര്യം അറിയിച്ചത്.
രക്ഷാകർതൃ-അധ്യാപക മീറ്റിംഗുകൾ, ബിരുദദാന ചടങ്ങുകൾ എന്നിവ ഉൾപ്പെടെ കുട്ടികളുടെ സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ജീവനക്കാർക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യം. രക്ഷിതാക്കൾക്ക് സ്കൂൾ ആവശ്യങ്ങളുടെ ഭാഗമായി വൈകി ജോലിക്ക് കയറുകയൊ നേരത്തെ ഓഫീസില്‍നിന്ന് ഇറങ്ങുകയൊ ചെയ്യാം. എന്നാല്‍ പരമമാവധി മൂന്ന് മണിക്കൂര്‍ മാത്രമാണ് അനുവദിക്കുക. യുഎഇ കാബിനറ്റ് അംഗീകരിച്ച 2018 ലെ പ്രമേയത്തിന് അനുസൃതമാണ് സർക്കുലർ.
ഓഗസ്റ്റ് 29 തിങ്കളാഴ്ചയാണ് യുഎഇയില്‍ സ്കൂളുകൾ തുറക്കുക. രണ്ടുമാസത്തെ വേനലവധിയ്ക്ക് ശേഷം പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോൾ ഒരു ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തും.