യുഎഇയിൽ കുടുംബങ്ങൾക്ക് അഞ്ച് വർഷം കാലാവധിയുള്ള സന്ദർശക വീസ പ്രഖ്യാപിച്ചു. പലതവണ വന്നു പോകാൻ സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി വീസയാണ് അനുവദിക്കുക.ഒരേ അപേക്ഷയിൽ കുടുംബാംഗങ്ങളെ എല്ലാവരേയും ഉൾപ്പെടുത്താനാകുമെന്നതും പ്രത്യേകതയാണ്.
ഒരുമിച്ച് യാത്ര ചെയ്യുന്നവർക്കാണ് സൗകര്യമുള്ളത്. വീസയുള്ളവർക്ക് മൂന്ന് മാസം വരെ ദുബായിൽ താമസിക്കാം. കാലാവധി ആറ് മാസം വരെ നീട്ടാനുമാകും. യുഎഇ താമസ തിരിച്ചറിയൽ വിഭാഗമാണ് (ഐസിപി) ആണ് വീസ നൽകുന്നത്.കുടുംബ വീസയിൽ കുട്ടികൾക്ക് 18 വയസ്സിൽ കൂടാൻ പാടില്ലെന്നും നിബന്ധനയുണ്ട്.
കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനു മറ്റും സ്ഥിരമായി വന്നു പോകുന്നവർക്ക് ഓരോ തവണയും വീസയ്ക്ക് അപേക്ഷിക്കുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാക്കാനാകും.
ഐസിപിയുടെ വെബ്സൈറ്റിലെത്തി നേരിട്ട് അപേക്ഷിക്കാം. ഒരാളുടെ വീസയ്ക്ക് 750 ദിർഹമാണ് ഫീസ്. കൂടാതെ സെക്യൂരിറ്റി ഡിപ്പോസിറ്റായി 3,025 ദിർഹവും കെട്ടിവയ്ക്കണം. കളർ ഫോട്ടോ, പാസ്പോർട്ട് കോപ്പി, മെഡിക്കൽ ഇൻഷുറൻസ്, മടക്ക യാത്രാ ടിക്കറ്റ്, 14,700 ദിർഹത്തിൽ കുറയാത്ത ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻ്റ്, യുഎഇയെ താമസ സൌകര്യം എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും അതോറിറ്റി അറിയിച്ചു.