യുഎഇൽ 2023ലെ ആദ്യത്തെ നീണ്ട വാരാന്ത്യത്തിന് ഇനി രണ്ട് 2 ആഴ്ച മാത്രം. നാല് ദിവസത്തെ ഈദ് അൽ ഫിത്തർ അവധിയുടെ സാധ്യതയുള്ള തീയതികൾ വെളിപ്പെടുത്തി അധികൃതർ. രാജ്യത്തെ താമസക്കാർക്കും പ്രവാസികൾക്കും അവധിക്കാലം ആസൂത്രണം ചെയ്യാനുളള അവസരമാണൊരുങ്ങിയത്.
മാർച്ച് 23നാണ് എമിറേറ്റുകളിൽ വിശുദ്ധ റമദാൻ മാസം ആരംഭിച്ചത്. ചന്ദ്ര ദർശനത്തെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് ഈ വർഷം റമദാൻ 29 ദിവസം നീണ്ടുനിൽക്കുമെന്നാണ് സൂചന.
യുഎഇയിലെ ഔദ്യോഗിക ഈദ് അൽ ഫിത്തർ അവധി റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയാണ്. ഈദിൻ്റെ ആദ്യ ദിവസമായ ഷവ്വാൽ 1 ഏപ്രിൽ 21 വെള്ളിയാഴ്ച ആയിരിക്കാനാണ് സാധ്യത. റമദാൻ 29നാണ് അവധി ആരംഭിക്കുന്നത്.അത് ഏപ്രിൽ 20 വ്യാഴാഴ്ചയാണ്. ശവ്വാൽ 1, 2, 3 എന്നിവയും അവധിയാണ്. ഇവ വെള്ളി, ശനി, ഞായർ (ഏപ്രിൽ 21, 22, 23) ദിവസങ്ങളിലാണ്.അതേ സമയം ചന്ദ്രനെ കണ്ടതിന് ശേഷമായിരിക്കും യഥാർത്ഥ തീയതികൾ പ്രഖ്യാപിക്കുക.
നീണ്ട അവധി എത്തുന്നതോടെ ജനപ്രിയ കേന്ദ്രങ്ങളിലേക്കും സ്വദേശത്തേക്കും യാത്രകൾ ആസൂത്രണം ചെയ്യുന്നവർ കുറവല്ല. എന്നാൽ വിവിധ ഇടങ്ങളിലേക്കുളള വിമാന ടിക്കറ്റ് നിരക്ക് വർദ്ധിച്ചത് യാത്രകൾ ആസുത്രണം ചെയ്യുന്നവരെ പിന്നോട്ട് വലിക്കുകയാണ്.എങ്കിലും യുഎഇയിൽ നിന്ന് വിസ സൌഹൃദ രാജ്യങ്ങളിലേക്ക് യാത്ര ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.