അബുദാബി പരിസ്ഥിതി ഏജൻസിയുടെ പ്രഥമ ശൈഖ് ഹംദാൻ ബിൻ സായിദ് പാരിസ്ഥിതിക അവാർഡിനായി ഇതിനകം 150 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് അപേക്ഷകൾ ലഭിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വേണ്ടി സമർപ്പിതരായവരെ ആദരിക്കുന്നതിനും നൂതന ആശയങ്ങളും സുസ്ഥിരമായ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് അവാർഡ് നൽകുന്നത്. യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്‌മെന്റുമായി സഹകരിച്ച് 2023 മെയ് മാസത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രസക്തമായ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ സാങ്കേതിക സമിതി ഓരോ അപേക്ഷയും സമഗ്രമായി അവലോകനം ചെയ്തു. 86 അപേക്ഷകർ അവാർഡിൽ പങ്കെടുക്കാൻ യോഗ്യത നേടി. അവാർഡിൻ്റെ ഭാഗമായി ശിൽപ്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ശൈഖ് ഹംദാൻ ബിൻ സായിദ് പരിസ്ഥിതി മെഡലിനും പരിസ്ഥിതി ശാസ്ത്ര ഗവേഷണ അവാർഡിനും അപേക്ഷിക്കേണ് സമയപരിധി 2023 ഓഗസ്റ്റ് 7 ആണ്. അതേസമയം പരിസ്ഥിതി പ്രകടന അവാർഡിന് 2023 സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. കോപ് 28 കാലയളവിലെ പ്രത്യേക ചടങ്ങിൽ മൂന്ന് വിഭാഗങ്ങളിലുളള ശൈഖ് ഹംദാൻ ബിൻ സായിദ് പരിസ്ഥിതി അവാർഡ് ജേതാക്കൾക്ക് കൈമാറും.