യുഎഇയിൽ വാഹനമോടിക്കുന്നതിനിടെ മൂന്നിൽ ഒരാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തികൾ മൂലമുണ്ടാകുന്ന അശ്രദ്ധ റോഡപകടങ്ങൾക്കും മരണത്തിനും വരെ കാരണമാകുമെന്ന് റോഡ് സുരക്ഷാ വിദഗ്ധർ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കുകൾ അനുസരിച്ച് 2022ൽ മാത്രം അശ്രദ്ധമായ ഡ്രൈവിംഗ് മൂലം എൺപത്തിയഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോഡ് സേഫ്റ്റി യുഎഇയും അൽ വാത്ബ ഇൻഷുറൻസും ചേർന്ന് അടുത്തിടെ നടത്തിയ ഒരു സർവേയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരു പ്രധാന കാരണം മൊബൈൽ ഫോണുകളുടെ ഉപയോഗമാണ്. കൂടാതെ ഡ്രൈവിങ്ങിൽ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡിൽ ഇടുകയോ ചെയ്യേണ്ട ആവശ്യകതയും സർവേ അടിവരയിടുന്നുണ്ട്.
അതേസമയം 2024 ജനുവരിയിൽ 1,001 വ്യക്തികളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ യു.എ.ഇ.യിൽ ഡ്രൈവിങ് ചെയ്യുന്നവർ ശ്രദ്ധ തെറ്റി വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. എന്നാൽ ഉയർന്ന ശതമാനം ആളുകളും ശ്രദ്ധ വ്യതിചലിച്ചാണ് വാഹനമോടിക്കുന്നതെന്ന് സമ്മതിക്കുന്നുമുണ്ട്.