യുഎഇയിലെ പ്രഥമ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബുദാബി ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ വെച്ചാണ് സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിഞ്ജ ചെയ്തത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്ക് മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനും ഐക്യവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമായാണ് പുതിയ മന്ത്രാലയം ആരംഭിച്ചത്. മൂല്യങ്ങൾ, തത്ത്വങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനുള്ള അടിസ്ഥാനസ്ഥാപനമായി കുടുംബം പ്രവർത്തിക്കുന്നുവെന്നും അത് സാമൂഹികശക്തിയുടെയും ദേശീയസുരക്ഷയുടെയും മൂലക്കല്ലായി മാറുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.