യുഎഇയുടെ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും മരുഭൂമിയെ കീറിമുറിച്ചുളള കുതിപ്പിനും കരുത്തേകുന്ന പുതിയ ലോക്കോമോട്ടീവുകളും വാഗണുകളും എത്തിയെന്ന് ഇത്തിഹാദ് റെയില്‍വേ.. ഇതോടെ ഇത്തിഹാദിന്‍റെ മെഗാ പദ്ധതി പൂര്‍ണതോതിലേക്ക് നീങ്ങുകയാണെന്നും സേവനങ്ങൾ മൂന്നിരിട്ടി വര്‍ദ്ധിക്കുമെന്നും അധികൃതര്‍. പുതിയ വാഗണുകൾ വേഗതയിലും കാര്യക്ഷമതയിലും ഏറെ മുന്നിലെന്നും ഇത്തിഹാദ് റെയില്‍വേ വ്യക്തമാക്കി.
അബുദാബിയിലെ അൽ ദഫ്ര അൽ മിർഫ മേഖലയില്‍ ഇത്തിഹാദ് റെയിൽ നടത്തിയ പരിപാടിയിൽ വിപുലമായ റെയിൽ ശൃംഖലയിലൂടെ സഞ്ചരിക്കുന്ന പ്രാരംഭ ഫ്ലീറ്റ് അനാച്ഛാദനം ചെയ്തു. സായിദ്, അൽ മുസഫ തുറമുഖങ്ങൾ വഴിയാണ് റോളിംഗ് സ്റ്റോക്ക് എത്തിയത്. ചൈനയുടെ സിആർആർസി ഗ്രൂപ്പാണ് പുതിയ വാഗണുകളുടെ നിർമ്മാണവും വിതരണവും കൈകാര്യം ചെയ്യുന്നതെന്നും ഇത്തിഹാദ് റെയില്‍വേയെ സംബന്ധിച്ച് സുപ്രധാന നാഴികക്കല്ലാണിതെന്നും അധികൃതര്‍ സൂചിപ്പിച്ചു.
പാസഞ്ചര്‍ സര്‍വ്വീസിനൊപ്പം ചരക്കുഗതാഗതത്തിനും വന്‍ കുതിപ്പാണ് ഉണ്ടാകുന്നത്. ഹെവി ചരക്ക് തീവണ്ടികളുടെ ശേഷി ആറിരട്ടി വര്‍ദ്ധിപ്പിക്കും. ബാച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം. നിലവിലുള്ള സ്റ്റോക്കിന്റെ മൂന്നിരട്ടി വലിപ്പമുള്ള 1,000 മൾട്ടി പർപ്പസ് വാഗണുകളും സ്ഥാപിക്കാനാണ് നീക്കം..
പുതിയ ഡീസൽ-വൈദ്യുതി-ഓപ്പറേറ്റഡ് ലോക്കോമോട്ടീവുകൾ 4,600 ബ്രേക്ക് കുതിരശക്തി നൽകുന്നതാണ്. പൾസ് സാൻഡ് ഫിൽട്ടറിംഗ് സിസ്റ്റം പോലുള്ള ഏറ്റവും പുതിയ ഫിൽട്ടറിംഗ് കണ്ടുപിടുത്തങ്ങൾ മരുഭൂമിയിലൂടെ കടന്നുപോകുമ്പോൾ ഉയർന്ന കാര്യക്ഷമത ഉറപ്പുനല്‍കുന്നതാണ്. എമിഷൻ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കുന്ന സാങ്കേതികവിദ്യകളും പുതിയ ലോക്കോമോട്ടീവുകളിലുണ്ട്.
ഓരോ ലോക്കോമോട്ടീവിനും 100 വാഗണുകൾ വലിക്കാൻ ശേഷിയുണ്ട്. ഇത് 300 ലോറികളുടെ ശേഷിക്ക് തുല്യമാണ്. ഇതോടെ ചരക്ക് നീക്കങ്ങളുടെ വേഗതയിലും അളിവിലും വന്‍ കുതിപ്പാകും ഉണ്ടാവുകയെന്നും ഗതാഗത ശ്യംഖല വികസനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങൾ ത്വരിതഗതിയില്‍ മുന്നോട്ടുപോവുകയാണെന്നും ഇത്തിഹാദ് അധികൃതര്‍ ചൂണ്ടിക്കാട്ടി.