യുഎഇയിൽ കുറഞ്ഞ വരുമാനമുള്ള ഫാം ഉടമകൾക്ക് വൈദ്യുതി ബില്ലിൽ കിഴിവ് പ്രഖ്യാപിച്ചു. 2023 ജൂലൈ ഒന്ന് മുതൽ പരിമിതമായ വരുമാനമുള്ള എമിറാത്തി ഫാം ഉടമകൾക്ക് അവരുടെ പ്രതിമാസ വൈദ്യുതി ബില്ലുകൾ കുറയുമെന്ന് യുഎഇ പ്രസിഡന്റ് അറിയിച്ചു.
ഫാം ഉടമകളുടെ സാമ്പത്തിക ബാധ്യതകൾ, പ്രത്യേകിച്ച് വൈദ്യുതി താരിഫുമായി ബന്ധപ്പെട്ടവ കുറയ്ക്കുന്നതിന് പിന്തുണയ്ക്കാനും സഹായിക്കാനും പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അധികാരികളോട് ഉത്തരവിട്ടു. കൂടാതെ അർഹരായ ഗുണഭോക്താക്കൾക്ക് സബ്സിഡി നൽകുമെന്ന് കമ്മ്യൂണിറ്റി ഡവലപ്മെന്റ് മന്ത്രാലയവും കേന്ദ്ര ജല, വൈദ്യുതി കമ്പനിയും സ്ഥിരീകരിച്ചു. സബ്സിഡി 2023 ജൂലൈ മുതൽ ബാധകമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ പിന്തുണ രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിനും അവർക്ക് മാന്യമായ ജീവിതം പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു. ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നേതൃത്വം എടുക്കുന്ന മുൻകൈകളുടെ ഭാഗമായും താഴ്ന്ന വരുമാനക്കാരായ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കുമള്ള പ്രവർത്തനങ്ങളുടെ ഭാഗവുമായാണ് പുതിയ പ്രഖ്യാപനം.