ഷാർജയിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് നഗരത്തിലെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. പരാതികളെ തുടർന്ന് ഉടൻ തന്നെ വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു. സജാ ഏരിയയിലെ ഗ്യാസ് പ്ലാന്റിലെ സാങ്കേതിക തകരാർ ആണ് വൈദ്യുതി നിശ്ചലമാവാൻ കാരണം. എന്നാൽ പ്രശ്നം വേഗം പരിഹരിച്ചതോടെയാണ് പ്രതിസന്ധി തീർന്നത് എന്ന് ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു അല്‍ മജാസ് 1,2,3 ഡിസ്ട്രിക്കുകൾ, അൽ നഹ്ദ, അൽ താവുൻ, അൽ മംസാർ, അൽ യർമൂഖ്, അൽ റഹ്മാനിയ, അബു ഷഗാറ, അൽ ഖാൻ, അൽ ഖസ് ബ എന്നിവിടങ്ങളിലടക്കം വിവിധ പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചത്.
സാങ്കേതിക തകരാർ സംഭവിച്ചത് മൂലം വൈദ്യുത നിലയങ്ങളിലേക്ക് വാതകം ഒഴുകാത്തതിനെ തുടർന്നായിരുന്നു വൈദ്യുതി പെട്ടന്ന് നിശ്ചലമായത്. ഇതോടെ ജനങ്ങൾക്ക് ഏറെ നേരം കടുത്ത ചൂട് സഹിക്കേണ്ടി വന്നു. എന്നാൽ വളരെ വേഗം പ്രശ്നം പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞത് ഗുണകരമായി. അതേസമയം അടിയന്തരാവസ്ഥയെ തുടർന്നാണ് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (എസ്ഇഡബ്ല്യുഎ) ഗ്യാസ് പൈപ്പ് ലെയ്നുകളുടെ വാൽവുകൾ അടച്ചതെന്ന് ബ്യൂറോ വിശദീകരണം നൽകി.
ഗ്യാസ് പ്ലാന്റിലെ നടപടിക്രമങ്ങൾ സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോൾ നേരിട്ട് അടയ്ക്കാറാണ് ചെയ്യുക. കൂടാതെ വലിയ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനും മുഴുവൻ ഗ്യാസ് കോംപ്ലക്സും പുനരാരംഭിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.