ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയില്‍ സുരക്ഷ ശക്തമാക്കിയതായി അധികൃതർ. സുരക്ഷാ സജ്ജീകരണങ്ങള്‍ കര്‍ശനമാക്കുന്നതിൻ്റെ ഭാഗമായി നൂറുകണക്കിന് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഹെലികോപ്റ്റര്‍ നിരീക്ഷണം ഉൾപ്പടെ ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.സുരക്ഷയ്ക്കൊപ്പം അടിയന്തര വൈദ്യസഹായംഎത്തിക്കുന്നത് അടക്കമുളള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഷോപ്പിംഗ് മാളുകൾ തുടങ്ങി ആളുകൾ കേന്ദ്രീകരിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം ഉണ്ടാകും.
അതേസമയം ഗതാഗതനിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി. വേഗത കുറച്ച് വാഹനമോടിക്കുക, സുരക്ഷിത അകലം പാലിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കുക തുടങ്ങിയ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിർദ്ദേശം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പോലെയുളള നിയമലംഘനങ്ങൾക്കെതിരേയും മുന്നറിയിപ്പുണ്ട്.
പാര്‍ക്ക്, ബീച്ച് എന്നിവിടങ്ങളില്‍ ലൈഫ് ഗാര്ഡുകളുള്പ്പടെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും നിയോഗിക്കും.ദുബായ്, ഷാര്‍ജ, അജ്മാന്, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ മസ്ജിദുകളിലും പാര്‍പ്പിടമേഖലകളിലും മാര്‍ക്കറ്റുകളിലും പ്രത്യേക പട്രോളിങ് സംഘത്തെ നിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ ക്രമീകരണത്തിനായി സ്വകാര്യ ഏജൻസികളുടെ സഹായവും തേടും. വിവധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പെരുന്നാൾ കാലത്ത് സുരക്ഷ ശക്തമാക്കുക.