ഒറ്റ ഫ്രെയിമിൽ ദുബായിയുടെ രണ്ടു കാഴ്ചകൾ നൽകുന്ന ദുബായ് ഫ്രെയിമിൽ പെരുന്നാൾ ദിനത്തിൽ വലിയ ജനപ്രവാഹം. ജൂൺ 28ന് മാത്രം ഫ്രെയിം സന്ദർശിച്ചത് 5644 പേരാണ്. ഫ്രെയിമിന്റെ മുകളിൽ കയറിയാൽ ഒരു ഭാഗത്ത് പഴയ ദുബായിയും മറുഭാഗത്ത് പുതിയ ദുബായിയും കാണാൻ സാധിക്കും. നഗരത്തിന്റെ നടുവിലുള്ള സബീൽ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ഫ്രെയിമിന് മുകളിലെ കാഴ്ചകൾ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഫ്രെയിമിന് മുകളിലെ ഗ്ലാസിട്ട തറയിലൂടെ നടക്കാൻ പ്രത്യേക ധൈര്യം വേണം. ചൈനയിലെ ഗ്ലാസ് പാലത്തിന് സമാനമായാണ് ഫ്രെയിമിനു മുകളിലെ ഗ്ലാസ് തറ പണിതിരിക്കുന്നത്.
2018 ജനുവരിയിലാണ് ദുബായ് ഫ്രെയിം തുറന്നത്. ദുബായ് ബർവാസ് എന്നാണ് ഫ്രെയിമിന്റെ അറബ് പേര്. ദുബായിയുടെ രാജവീഥിയായ ഷെയ്ഖ് സായിദ് റോഡിലെ കൂറ്റൻ കെട്ടിടങ്ങളിലൂടെ എമിറേറ്റിന്റെ പുത്തൻ മുഖവും കറാമ , ഉം ഹുറെയ്ർ, ദെയ്റ തുടങ്ങിയ ദുബായിയുടെ പഴയമുഖവും ആകാശത്തു നിന്നു വീക്ഷിക്കാനുള്ള വിസ്മയകരമായ സൗകര്യമാണ് ദുബായ് ഫ്രെയിമിന്റെ സവിശേഷത. മുതിർന്നവർക്ക് 50 ദിർഹവും കുട്ടികൾ 20 ദിർഹവുമാണ് പ്രവേശന ഫീസ്. മൂന്ന് വയസ്സുവരെ പ്രായമുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. 150 മീറ്ററാണ് ഫ്രെയിമിന്റെ ഉയരം. ഫ്രെയിമിന്റെ നിർമാണ ചെലവ് 16 കോടി ദിർഹമാണ്.
അതേസമയം ദുബായ് നഗരത്തിന്റെ പഴയ കാലം അതേപടി പകർത്തിയ ചെറിയ മ്യൂസിയവും ഫ്രെയിമിനുള്ളിൽ സ്ഥിതി ചെയ്യുന്നുണ്ട്. മനോഹരമായ പൂന്തോട്ടവും സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്ന ജലധാരയും ഈ ഫ്രെയിമിനെ ആകർഷകമാക്കുന്നു. കൂടാതെ പെരുന്നാൾ ദിനത്തിൽ ദുബായ് മാളിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്ത വിധത്തിലുള്ള ആൾക്കൂട്ടമായിരുന്നു. പ്രധാന പാർക്കുകളിലും കടൽത്തീരങ്ങളിലും ഈ ദിവസങ്ങളിൽ 35,763 പേർ എത്തിയതായാണ് കണക്കുകൾ. സബീൽ പാർക്കിൽ മാത്രം 2378 സന്ദർശകരാണ് എത്തിയത്. ക്രീക്ക് പാർക്കിൽ എത്തിയത് 5724 പേരാണ്. മംസർ പാർക്കിൽ 17,475 പേരാണ് പെരുന്നാൾ സായാഹ്നം ചിലവഴിക്കാൻ എത്തിയത്. മുഷ്റിഫ് പാർക്കിൽ 4046 പേരും സഫാ പാർക്കിൽ 496 സന്ദർശകരുമാണ് എത്തിയത്.