അബുദാബിയിലെ കന്നുകാലിമേയ്‌ക്കൽ നിയന്ത്രിക്കുന്നതിനും പ്രകൃതിദത്ത മേച്ചിൽപ്പുറങ്ങൾക്ക് സംരക്ഷണം നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി) എമിറേറ്റിൽ ഗ്രേസിംഗ് സീസൺ പ്രഖ്യാപിച്ചു.സസ്യങ്ങളുടെ വീണ്ടെടുക്കൽ ഉറപ്പാക്കുന്നതിനും ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും വേണ്ടി എല്ലാ വർഷവും മെയ് 1 മുതൽ ഒക്ടോബർ 15 വരെയാണ് ഗ്രേസിംഗ് സീസൺ.
അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും ഇഎഡിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് ഇഎഡി നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചത്.പ്രകൃതിദത്ത മേച്ചിൽപ്പുറങ്ങൾ സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സുസ്ഥിരമായ പരമ്പരാഗത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും മേച്ചിൽ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഇഎഡി ഈ നിയമം നടപ്പിലാക്കുന്നത്. സംരക്ഷിത പ്രദേശങ്ങളും പ്രകൃതിദത്ത ആവാസ വ്യവസ്ഥകളും സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ നിയന്ത്രണം.
ഈ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ജൂലൈയിൽ, അബുദാബിയിലെ മേച്ചിലും, അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിന് കന്നുകാലികളുടെ ഉടമകൾക്കും ബ്രീഡർമാർക്കും ഇഎഡി ലൈസൻസ് നൽകിത്തുടങ്ങി. മേച്ചിൽ ലൈസൻസ് ലഭിക്കുന്നതിന്, അപേക്ഷാർത്ഥിക്ക് യുഎഇ പൗരത്വം ഉണ്ടായിരിക്കണം കൂടാതെ 21 വയസ്സിൽ കുറയാത്ത പ്രായം ഉണ്ടായിരിക്കണം. അപേക്ഷാർത്ഥിക്ക് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എഡിഎഎഫ്എസ്എ) അംഗീകരിച്ച ഒരു സാധുതയുള്ള കന്നുകാലി ഇൻവെന്ററി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ഇഎഡിയുടെ www.ead.gov.ae എന്ന വെബ്‌സൈറ്റ് വഴി ലൈസൻസിന് അപേക്ഷിക്കാം. അപേക്ഷാർത്ഥി അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെന്റുകൾ അറ്റാച്ച് ചെയ്ത് [email protected]. എന്ന ഇമെയിലിലേക്ക് അയയ്ക്കണം. അപേക്ഷ പൂർത്തിയാകുമ്പോൾ, ഉപഭോക്താവിന് 250ദിർഹം പണമടയ്ക്കാനുള്ള ഒരു ലിങ്ക് അയയ്‌ക്കും, അതിനുശേഷം മേച്ചിൽ ലൈസൻസിന്റെ ഇലക്ട്രോണിക് കോപ്പി നൽകുകയും, അത് ഇമെയിൽ വഴി ഉപഭോക്താവിന് അയയ്ക്കുകയും ചെയ്യും.