രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാശ സഞ്ചാരികളെ ആദരിച്ച് യുഎഇ. ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി എന്നിവരെ ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ നൽകിയാണ് ആദരിച്ചത്. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തുമാണ് മെഡൽ സമ്മാനിച്ചത്.
ഇരുവരെയും ‘രാഷ്ട്രത്തിന്റെ പുത്രന്മാർ’ എന്ന് ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു. എന്റെ സഹോദരൻ മുഹമ്മദ് ബിൻ സായിദിൻ്റെ നിർദ്ദേശപ്രകാരം, ഞങ്ങൾ ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദിക്കും ഹസ്സ അൽ മൻസൂറിക്കും ഫസ്‌റ്റ് ക്ലാസ് ബഹിരാകാശ മെഡൽ നൽകിയതായും യുഎഇയുടെ ഭാവി രൂപപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന വികസിത ശാസ്ത്ര മേഖലയിൽ ആഗോള സ്ഥാനം നേടിയെടുത്തതിന് ഇരുവരെയും പ്രശംസിക്കുകയും ചെയ്യുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
സുൽത്താൻ അൽ നെയാദിക്കും ഹസ്സ അൽ മൻസൂരിക്കുമൊപ്പം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡയറക്‌ടർ ജനറൽ സലേം അൽ മർറി, രാജ്യത്തെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ഡോ. ഹനാൻ അൽ സുവൈദി, മുഹമ്മദ് ബിൻ റാഷിദ് സ്പേസിൽ സ്പേസ് സെക്ടർ അസിസ്‌റ്റന്റ് ഡയറക്‌ടർ ജനറൽ അദ്‌നാൻ അൽ റായ്സ് എന്നിവരെയും സെക്കൻഡ് ക്ലാസ് സ്പേസ് മെഡൽ നൽകി ആദരിച്ചു.
ദുബായ് രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സാന്നിധ്യത്തിൽ ദുബായിലെ സബീൽ പാലസിൽ നടന്ന ചടങ്ങിലാണ് അവാർഡ് ദാനം സംഘടിപ്പിച്ചത്.