അടുത്ത പത്ത് വർഷത്തേക്കുള്ള പ്രവര്‍ത്തന നയങ്ങളും പദ്ധതികളും നവീകരിച്ച് ദുബായ് ആർടിഎ. ആർടിഎയുടെ ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ ആർടിഎയുടെ സ്ട്രാറ്റജിക് പ്ലാന്‍ 2023-2030 പദ്ധതിക്ക് അംഗീകാരം നൽകി.
ദുബായ് അർബൻ പ്ലാൻ 2040, ദുബായ് പ്ലാൻ 2030, ദുബായ് ഗവൺമെന്റ് നിർദ്ദേശങ്ങൾ, യുഎഇ ഗവൺമെന്റ് വിഷൻ, എന്നിവയുമായി ബന്ധപ്പെടുത്തിയാണ് അടുത്ത പത്ത് വര്‍ഷത്തേക്കുളള ആര്‍ടിഎ പദ്ധതിയില്‍ നവീകരണം. തടസ്സരഹിതവും സുരക്ഷിതവുമായ യാത്ര നൽകുന്നതിനുള്ള ഒരു ദൗത്യമാണ് ആര്‍ടിഎ ഏറ്റെടുത്തിരിക്കുന്നതെന്നും അധികൃതര്‍ സൂചിപ്പിച്ചു. തടസ്സമില്ലാത്തതും നൂതനവുമായ മൊബിലിറ്റി, സുസ്ഥിരത, ആരോഗ്യം, സുരക്ഷ, ഉപഭോക്തൃ സന്തോഷം തുടങ്ങി അഞ്ച് പ്രധാന ലക്ഷ്യങ്ങൾ നിശ്ചയിച്ചാണ് ഒാരോ പദ്ധതിയും നടപ്പാക്കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ നിർദേശങ്ങൾക്ക് മറുപടിയായാണ് ആർടിഎയുടെ തന്ത്രപരമായ പദ്ധതി നവീകരിക്കുന്നത്. ഭാവി വികസന ലക്ഷ്യങ്ങളും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്ന തന്ത്രപരമായ പദ്ധതികളും കണക്കിലെടുത്താണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തത്.