റോഡികളിലെ കുഴികളും വിളളലുകളും മറ്റും കണ്ടുപിടിക്കുന്നതിനും യഥാസമയം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനു ലേസർ ഡിറ്റക്ടർ സംവിധാനവുമായി ദുബായ് ഗതാഗതവകുപ്പ്. അതറിറ്റിയുടെ പെട്രോളിംഗ് വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുളള ലേസർ ഡിറ്റക്ടർ ഉപയോഗിച്ച് വിവരശേഖരണം നടത്തിയാണ് തുടർ നടപടികൾ സ്വീകരിക്കുക.
സാങ്കേതിയ സഹായത്തോടെയുളള നിരീക്ഷണം പ്രതലങ്ങളിലുണ്ടാകുന്ന അയവ് ഉൾപ്പടെ കണ്ടെത്തുന്നതിന് സഹായിക്കും. ഇത് ഫീൽഡ് പരിശോധനകൾക്ക് ആവശ്യമായ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഡേറ്റകൾ വിശകലനം ചെയ്ത് അറ്റകുറ്റപ്പണികൾക്കും മറ്റുമുളള ഷെഡ്യൂളുകൾ തയ്യാറാക്കാൻ സഹായിക്കുമെന്നും ഗതാഗതവകുപ്പ് അറിയിച്ചു.
എമിറേറ്റിലെ റോഡുകളുടെ അവസ്ഥ വിലയിരുത്താനും വാഹനമോടിക്കുന്നവർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനുമാണ് ദുബായ് ഗതാഗത വകുപ്പ് മേധാവികൾ മികച്ച മാർഗങ്ങൾ സ്വീകരിക്കുന്നത്. ഡേറ്റകൾ അനുസരിച്ച് ഏറ്റവും കൂടുതൽ ജോലി ആവശ്യമുള്ള റോഡുകൾക്ക് ആദ്യ പരിഗണ നൽകും. റോഡുകളുടെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിലും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിലും നൂതന സാങ്കേതികവിദ്യയ്ക്ക് പ്രധാന പങ്കുണ്ട് എന്ന് ആർടിഎയിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ചീഫ് എക്സിക്യൂട്ടീവ് മൈത ബിൻ അദായി പറഞ്ഞു.
എല്ലാ തരത്തിലുമുള്ള റോഡുകളിലെ പേവിംഗ് ലെയറുകൾ ട്രാക്ക് ചെയ്യാനും പരിശോധിക്കാനും ലേസർ ഡിറ്റക്ടർ സഹായിക്കും.റോഡിൻ്റെ നിലവിലെ അവസ്ഥ , നിർമ്മാണ തീയതി, പ്രവർത്തന നില എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റകളും രേഖപ്പെടുത്താനാകും. നടപ്പാതയുടേയും, സൈക്കിൾ ട്രാക്കുകളുടേയും സ്ഥിതിയും വിലയിരുത്താനാകും. പുതിയ സംവിധാനത്തിൻ്റെ സഹായത്തോടെ ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബായ്-അൽ ഐൻ റോഡ് തുടങ്ങിയ പ്രധാന റൂട്ടുകളിൽ മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ നടത്തിയെന്നും ആർടിഎ അറിയിച്ചു.