ദുബായിൽ നടന്ന 50 യുവ ദമ്പതികളുടെ സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ എമിറാത്തി വ്യവസായിയും അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഖലാഫ് ബിൻ അഹമ്മദ് അൽ ഹബ്തൂർ പരിപാടിയെ പിന്തുണച്ചു.
സാമൂഹിക ഐക്യം വർധിപ്പിക്കുന്നതിനും വിവാഹിതരാകുന്ന യു.എ.ഇ പൗരന്മാർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുമുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായിരുന്നു ഹിൽട്ടൺ ദുബായ് അൽ ഹബ്തൂർ സിറ്റിയിൽ നടന്ന ചടങ്ങ്. നവദമ്പതികൾക്ക് ഷെയ്ഖ് മൻസൂർ തന്റെ ആശംസകൾ കൈമാറി. ഇത്തരം കൂട്ട വിവാഹ ചടങ്ങുകൾ പ്രാദേശിക സമൂഹത്തിൽ സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിന് എങ്ങനെ സഹായിക്കുന്നുവെന്ന് ഊന്നിപ്പറയുന്നതിന്റെ സാമൂഹിക പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. ഖലാഫ് ബിൻ അഹമ്മദ് അൽ ഹബ്തൂറും നവദമ്പതികളെ അഭിനന്ദിക്കുകയും അവരുടെ ആഘോഷത്തിൽ പങ്കുചേരാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
കമ്മ്യൂണിറ്റി ഡവലപ്മെന്റ് മന്ത്രാലയത്തിലെ സാമൂഹ്യക്ഷേമ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി നാസർ ഇസ്മായിൽ, ഖലാഫ് ബിൻ അഹമ്മദ് അൽ ഹബ്തൂർ, റാഷിദ് ഖലാഫ് അൽ ഹബ്തൂർ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, നവദമ്പതികളുടെ കുടുംബങ്ങൾ, മറ്റ് അതിഥികൾ എന്നിവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. യുഎഇ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയവും അൽ ഹബ്തൂർ ഗ്രൂപ്പും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം (എംഒയു) പ്രകാരമാണ് കൂട്ടവിവാഹം സംഘടിപ്പിച്ചത്.