24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത 23 നാല് ചക്ര വാഹനങ്ങളും മൂന്ന് മോട്ടോർ ബൈക്കുകളുമാണ് ദുബായ് പൊലീസ് പിടിച്ചെടുത്തത്.
നിയമലംഘകർക്കെതിരെ 24 ട്രാഫിക് പിഴ ചുമത്തിയിട്ടുണ്ടെന്നും പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനായി 10,000 ദിർഹം വരെ പിഴ അടയ്ക്കേണ്ടി വരുമെന്നും ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പൊതു സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന വിധത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിൻ്റെ സ്മാർട്ട് ആപ്പിൽ ലഭ്യമായ ‘പോലീസ് ഐ’ അല്ലെങ്കിൽ ‘വി ആർ ഓൾ പോലീസ്’ സേവനങ്ങൾ വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ പൊതുജനങ്ങൾക്ക് അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.