2023-ലെ ആദ്യ എട്ട് മാസത്തിനുള്ളിൽ 35,000-ലധികം ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ഡ്രൈവ് ചെയ്തതിന് പിടിക്കപ്പെട്ടുവെന്ന് ദുബായ് പൊലീസ്. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് മൂലം 99 അപകടങ്ങൾ ഉണ്ടായി. ഈ അപകടങ്ങളിൽ ആറ് പേർ മരിക്കുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് പറയുന്നു.
റോഡിൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവിങ്ങിനിടെ ഒരാൾ വിളിക്കുകയോ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുകയോ സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യുകയോ ചെയ്താലും ഈ പിഴ ബാധകമാണ്.
ഇത്തരത്തിലുള്ള ലംഘനം എങ്ങനെ എളുപ്പത്തിൽ ക്യാമറയിൽ പകർത്താമെന്ന് ദുബായ് പോലീസ് ഒരു വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
റഡാറുകൾക്ക് വിവിധ ലംഘനങ്ങൾ തിരിച്ചറിയാൻ കഴിയും. അശ്രദ്ധമായ ഡ്രൈവിംഗിന് പുറമെ, ലെയ്ൻ അച്ചടക്കം പാലിക്കുന്നതിലെ പരാജയവും ഇവ തിരിച്ചറിയും. സീറ്റ് ബെൽറ്റ് ഇടാത്തവരും ക്യാമറയിൽ കുടുങ്ങും.