അവധി ദിനങ്ങൾ ആഘോഷമാക്കാൻ കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ ആദ്യം തെരെഞ്ഞെടുക്കുക പാർക്കുകളെയായിരിക്കും. എപ്പോൾ വേണമെങ്കിലും അവിടേക്ക് കയറി ചെല്ലാം. വിനോദ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്കും മുതിർന്നവർക്കും സമയം ചിലവഴിക്കാം. എന്നാൽ ഇപ്പോൾ പാർക്കുകളുടെപ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി.
ദുബായിലെ തടാകതീര പാർക്കുകൾ, കളിസ്ഥലങ്ങൾ, റെസിഡൻഷ്യൽ പാർക്കുകൾ എന്നിവയ്ക്കായി ദുബായ് മുനിസിപ്പാലിറ്റി ഇന്ന് പുതിയ പ്രവർത്തന സമയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതനുസരിച്ച് തടാകതീര പാർക്കുകൾ( lakeside parks), കളിസ്ഥലങ്ങൾ (playgrounds), റെസിഡൻഷ്യൽ പാർക്കുകൾ (residential parks ) എന്നിവ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ രാത്രി 11 മണി വരേയും, വെള്ളി, ശനി, പൊതു അവധി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 12 മണി വരേയുമാണ് പ്രവർത്തിക്കുക.
ദുബായ് മുനിസിപ്പാലിറ്റിയുടെ മെഗാ പ്രോജക്ടുകളിൽ ആകർഷണം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതു പാർക്കുകളും വ്യതിരിക്തമായ വിനോദ ഇടങ്ങളും നിർമ്മിച്ചുവരുന്നുണ്ട്. 2023 ന്റെ അവസാന പാദത്തിൽ ദുബായ് മുനിസിപ്പാലിറ്റി അൽ വർഖ 1, 4 ജില്ലകളിലായി 8 മില്യൺ ദിർഹം ചെലവിൽ രണ്ട് പാർക്കുകളും നിർമ്മിച്ചിരുന്നു.