ദുബായ് എമിറേറ്റിലുടനീളം ശുചിത്വം നിലനിർത്തുന്നതിന് മുനിസിപ്പാലിറ്റി അതീവ ശ്രദ്ധപുലർത്തുന്നുണ്ട്. യുഎഇയിൽ അടുത്തിടെ പെയ്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. വീട്ടുപകരണങ്ങൾ വെള്ളത്തിനടിയിലായി. പല വസ്തുക്കളും ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ നശിച്ചുപോയി. ഇത്തരം വസ്തുക്കൾ എങ്ങനെ ഉപേക്ഷിക്കുമെന്ന് ആലോചിച്ചിരിക്കുന്നവർക്ക് ഒരു ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്.
വൻതോതിലുള്ള ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി പുതിയ സംരഭവുമായി മുന്നോട്ട് വരുകയാണ് ദുബായ് മുനിസിപ്പാലിറ്റി. കേടായ വീട്ടുപകരണങ്ങൾ, ഇലക്‌ട്രോണിക് മാലിന്യങ്ങൾ എന്നിവ ഇതുവഴി നീക്കം ചെയ്യാം.
നിങ്ങൾക്ക് ദുബായ് മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് മാനേജ്മെന്റ് പദ്ധതി ഉപയോഗപ്പെടുത്തണമെങ്കിൽ വാട്ട്‌സ്ആപ്പ് 800900 വഴി സേവനത്തിനായി അപേക്ഷിക്കുക. അപേക്ഷ സ്വീകരിച്ച തീയതി മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ബൾക്ക് മാലിന്യ ശേഖരണത്തിനായി ദുബായ് മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനിൽ നിന്ന് താമസക്കാർക്ക് ഒരു ഫോൺ കോൾ ലഭിക്കും. ബൾക്ക് മാലിന്യ ശേഖരണം പൂർത്തിയായ ശേഷം ആളുകൾക്ക് ഒരു SMS ലഭിക്കും.