ദുബായിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് പുതിയ ആപ്പ് പരിചയപ്പെടുത്തിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. മൃഗബലിയർപ്പിക്കാനും ഹോം ഡെലിവറിക്കുമായാണ് മുനിസിപ്പാലിറ്റി 8 ആപ്പുകൾ ആരംഭിച്ചത്. ഈ ആപ്പുകളിലൂടെ യുഎഇ നിവാസികൾക്ക് മൃഗബലിയർപ്പിക്കാനും ആവശ്യമുള്ള മാംസം ഓർഡർ ചെയ്യാനും സാധിക്കും. ഓർഡർ ചെയ്ത മാംസം വീട്ടിലെത്തിച്ച് നൽകുകയും ചെയ്യും.
അൽ മവാഷി, അൽ മുറ, അലനൂദ്, അൽ വതാനിയ, ദബായി അൽദാർ, അൽ ഹലാൽ അൽ തയ്യിബ് മീറ്റ്, മീറ്റ്, ഷബാബ് അൽ ഫ്രീജ് എന്നീ ആപ്പുകളാണ് നഗരസഭ ആരംഭിച്ചത്. ഇവ വഴി ഉപഭോക്താക്കൾക്ക് കടകളിൽ പോകാതെ ഇഷ്ടാനുസരണം ആവശ്യമുള്ള മൃഗങ്ങളെ തിരഞ്ഞെടുക്കാനും മുനിസിപ്പാലിറ്റി നടത്തുന്ന അറവുശാലകളിൽ കശാപ്പുചെയ്യാനും ബലിമൃഗങ്ങളുടെ മാംസം വാങ്ങാനും സാധിക്കും.
ഉപഭോക്താവിന്റെ ആവശ്യാനുസരണം തിരഞ്ഞെടുത്ത മൃഗങ്ങളെ അവരുടെ ഇഷ്ടത്തിനനുസരിച്ച് മുറിച്ച് ശീതീകരിക്കുമെന്നും വിതരണം ചെയ്യുമെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് കിഴിവുകൾ നൽകുന്നതിന് ഈ 8 ആപ്പുകൾ മറ്റ് ആപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.