ദുബായ് മെട്രോയുടെ റെഡ് ലൈനിലെ സെൻ്റർപോയിൻ്റിനും ജിജിഐസിഒ സ്റ്റേഷനുകൾക്കുമിടയിലുള്ള സർവീസുകൾ സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ടിരുന്നു. സാങ്കേതിക തടസ്സങ്ങൾ നീക്കി സർവ്വീസുകൾ പുനരാരംഭിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
റെഡ് ലൈനിൽ രണ്ട് ദിശകളിലേക്കും സർവീസ് സാധാരണ നിലയിലായതായി ആർടിഎ അറിയിച്ചു. എന്നാൽ എനർജി, ഇക്വിറ്റി, മഷ്രെഖ്, ഓൺപാസീവ് സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തില്ല.
തടസ്സം നേരിട്ട യാത്രക്കാർക്കായി ബദൽ ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ 16ന് എമിറേറ്റിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ മാസം മുതൽ ദുബായിലെ നാല് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരുന്നു. ഓൺപാസീവ്, ഇക്വിറ്റി, മഷ്രെഖ്, എനർജി എന്നിവയാണ് അടച്ചത്. എല്ലാ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം മെയ് 28 നകം ഈ സ്റ്റേഷനുകളിലെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് ആർടിഎ അറിയിച്ചിട്ടുണ്ട്.