യാത്രക്കാർക്ക് പ്രിയപ്പെട്ട ഇടമായി ദുബായ് വിമാനത്താവളം. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഹബ്ബായ ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, 2023 ന്റെ ആദ്യ പകുതിയിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ്വിമാനത്താവളത്തിൽനിന്ന് കൂടുതൽ പേർ (60 ലക്ഷം) യാത്ര ചെയ്തത് ഇന്ത്യയിലേക്ക്.
2023 ന്റെ ആദ്യ പകുതിയിൽ 4 .16 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിലൂടെ വിദേശ രാജ്യങ്ങളിലേക്കു പോയത്. 2022 ൽ ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 27.9 ദശലക്ഷം യാത്രക്കാരായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 49 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. രണ്ടാം പാദത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 43 ശതമാനം വർദ്ധനവ് ഉണ്ടായതായി ദുബായ് എയർപോർട്ട്സ് പറഞ്ഞു.
6.9 ദശലക്ഷം യാത്രക്കാരുമായി രണ്ടാം പാദത്തിലെ ഏറ്റവും തിരക്കേറിയ മാസമായിരുന്നു മെയ്, ദുബായ് എയർപോർട്ട്സ് ചൊവ്വാഴ്ച അറിയിച്ചു.
31 ലക്ഷം പേരുമായി സൗദിയാണ് രണ്ടാം സ്ഥാനത്ത്. യുകെ (28 ലക്ഷം), പാക്കിസ്ഥാൻ (20 ലക്ഷം) എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകാനായതിൽ അഭിമാനിക്കുന്നതായി ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്‍സ് പറഞ്ഞു.