അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിലെ പുതിയ പാസഞ്ചർ ടെർമിനലിൻ്റെ രൂപരേഖയ്ക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി. പത്ത് വർഷത്തിനകം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും.
128 ബില്യൺ ദിർഹം ചെലവ് കണക്കാക്കുന്ന ടെർമിനലിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കും. മൊത്തം 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും വിമാനത്താവളത്തിലുണ്ടാകും. പുതിയ പാസഞ്ചർ ടെർമിനലിൻ്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (ഡിഎക്സ്ബി) അഞ്ചിരട്ടിയാകും.
വ്യോമയാന മേഖലയിലെ സാങ്കേതിക വിദ്യകളും പുതിയ വിമാനത്താവളത്തിൽ ഉപയോഗിക്കും. “അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം 260 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായിരിക്കുമെന്ന്“ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിൽ കുറിച്ചു.