ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 30 ദിവസത്തെ ചലഞ്ചുമായി വീണ്ടും ദുബായ് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കും. ഒക്ടോബർ 28 മുതൽ നവംബർ 26 വരെയാണ് ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തപ്പെടുക. 30 ദിവസത്തേക്ക് ദിവസവും 30 മിനിറ്റ് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു മാസത്തെ നഗര വ്യാപകമായ സംരംഭമാണിത്.
ദുബായിയെ ലോകത്തിലെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നാക്കി മാറ്റാനുള്ള ദൗത്യമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച്. സൗജന്യമായ ഫിറ്റ്നസ് വില്ലേജുകൾ, ഇവന്റുകൾ, കമ്മ്യൂണിറ്റി ഹബുകൾ, ക്ലാസുകൾ, വിവിധ ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആളുകളെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ച് ബോധ്യവാന്മാരാക്കുകയാണ് ലക്ഷ്യം. ഇതുവരെ സംഘടിപ്പിച്ചതിൽ ഏറ്റവും വലിയ ഫിറ്റ്നസ് ചലഞ്ചാണ് ഈ വർഷം വാഗ്ദാനം ചെയ്യുന്നത്.
600 സൗജന്യ ഫിറ്റ്നസ് സെഷനുകളാണ് പൊതുജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. പുതിയ ആർടിഎ മുഷ്രിഫ് പാർക്ക് സൈക്കിൾ സെന്റർ, ഗൈഡഡ് ബൈക്ക് ട്രെയിലുകൾ, പമ്പ് ട്രാക്ക്, സൗജന്യ ബൈക്ക്, കൂടാതെ മെരാസ് അവതരിപ്പിക്കുന്ന റൺ ആന്റ് റൈഡ് സെൻട്രൽ എന്നിവയും ഈ വർഷം ഉണ്ടാകും. ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (ഡിഎംസിസി), ഹത്ത, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി), ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ് എന്നിവയുൾപ്പെടെ നഗരത്തിലുടനീളമുള്ള 25 കമ്മ്യൂണിറ്റി ഫിറ്റ്നസ് ഹബ്ബുകളും ചലഞ്ചിൽ അവതരിപ്പിക്കും. ഡിപി വേൾഡ് അവതരിപ്പിക്കുന്ന ദുബായ് റൈഡ് നവംബർ 12 തിരിച്ചെത്തും.