ദുബായിലെ ചില അപ്പാർട്ടുമെന്റുകളിൽ ഇ-സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണ് ഈ നിരോധനം. ദുബായിലെ ചില റെസിഡൻഷ്യൽ കെട്ടിടങ്ങൾ വാടകക്കാർക്ക് ഇ-സ്കൂട്ടറുകൾ അവരുടെ അപ്പാർട്ട്മെന്റിനുള്ളിൽ കൊണ്ടുവരരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇ-സ്‌കൂട്ടറുകൾ ഇടനാഴികളിലും പൊതുസ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും കൂട്ടംകൂടുന്നുവെന്ന വാടകക്കാരുടെ പരാതിയെ തുടർന്നാണ് മാനേജ്‌മെന്റിന്റെ നിർദേശം. അൽ ബർഷയിലെ ഒരു കൂട്ടം റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ അഡ്മിനിസ്ട്രേറ്റർമാർ പേര് വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടാണ് ഈ വാർത്ത വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഇതുസംബന്ധിച്ച യാതൊരു വിധ നിർദ്ദേശങ്ങളും നൽകിയിട്ടില്ല.
രാത്രി മുഴുവൻ ചാർജ് ചെയ്യാൻ വെയ്ക്കുമ്പോൾ ഇ-സ്‌കൂട്ടറുകൾ തീപിടുത്തത്തിന് കാരണമാകുമെന്ന് ചിലർ ഭയപ്പെടുന്നു. ഇ-സ്കൂട്ടർ ബാറ്ററിക്ക് തീപിടിക്കുന്ന സംഭവങ്ങൾ പല സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശമെന്നും ബിൽഡിംഗ് അഡ്മിനിസ്ട്രേറ്റർമാർ പറയുന്നു. അതേസമയം ഇ-സ്കൂട്ടർ കൈകാര്യം ചെയ്യാനുള്ള പ്രായോഗിക വശം മുന്നിൽകണ്ട് യുഎഇ നിവാസികൾക്കിടയിൽ കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്. ചെറിയ ദൂരങ്ങൾക്ക് അനുയോജ്യമായ ഗ്രീൻ മൊബിലിറ്റി സൊല്യൂഷനുകളായി ഇ-സ്കൂട്ടറിന് നിരവധി ഉപഭോക്തക്കാളാണ് ഉള്ളത്.