മെഡിക്കൽ പ്രൊഫഷണലുകൾക്ക് യുഎഇയിൽ പരിശീലനം നടത്താൻ അനുവദിക്കുന്ന പെർമിറ്റുമായി ദുബായ്. മൂന്ന് മാസത്തെ ‘പരിശീലനത്തിനുള്ള പെർമിറ്റ്’ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) ബുധനാഴ്ച നടന്ന അറബ് ഹെൽത്ത് കോൺഗ്രസ് 2024-ലാണ് പ്രഖ്യാപിച്ചത്.
അടിയന്തര സാഹചര്യങ്ങൾ, പ്രതിസന്ധികൾ, ദുരന്തങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ രാജ്യത്തെ പ്രാദേശിക ആരോഗ്യ സംരക്ഷണ മേഖലയെ സജ്ജരാക്കുന്നതിൽ ഈ സംരംഭം സജീവമായ പങ്ക് വഹിക്കുന്നുവെന്ന് ഡിഎച്ച്എ പറഞ്ഞു. തൊഴിൽ പരിശീലിക്കുന്നതിനുള്ള താൽക്കാലിക പെർമിറ്റുകൾ നൽകുന്നതിലൂടെ മെഡിക്കൽ പ്രൊഫഷണലുകൾക്ക് പ്രത്യേക മേഖലകളിൽ മെഡിക്കൽ വൈദഗ്ധ്യം നേടുന്നതിനും ഇത് പ്രാപ്തമാക്കുന്നു.
അതേസമയം ഇവർക്ക് നേരിട്ട് പെർമിറ്റിന് അപേക്ഷിക്കാൻ സാധിക്കില്ല. ലൈസൻസുള്ള ഒരു ഹെൽത്ത് കെയർ ഫെസിലിറ്റിയുടെ മെഡിക്കൽ ഡയറക്ടറുടെ അക്കൗണ്ടിലൂടെ മാത്രമേ പെർമിറ്റിനായി അപേക്ഷിക്കാൻ കഴിയുള്ളു. ഇലക്ട്രോണിക് സംവിധാനമായ ‘sheryan’ വഴിയാണ് അപേക്ഷ നടപടികൾ പൂർത്തിയാക്കേണ്ടത്.