ലോകമെമ്പാടുമുള്ള വിശ്വാസികൾ നോമ്പ് നോറ്റ് പ്രാർത്ഥനയോടെ കാത്തിരുന്നു പുണ്യ ദിവസമെത്തി. ചെറിയ പെരുന്നാൾ ദിനത്തിൽ അമിതവേഗത്തിൽ വാഹനമോടിച്ച് പെരുന്നാൾ ആഘോഷങ്ങൾ ദുരന്തങ്ങളാക്കി മാറ്റരുതെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദാബി പോലീസ്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഡ്രൈവർമാർക്ക് അധികൃതർ നൽകിയിട്ടുണ്ട്.
പ്രത്യേകിച്ച് ഈദ് അൽ ഫിത്തർ അവധിക്കാലത്ത് റോഡിൽ തിരക്ക് ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിനാൽ എല്ലാ ട്രാഫിക് നിയമങ്ങളും കർശനമായി പാലിക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു. ഈദിന് മുന്നോടിയായി മധുരപലഹാരങ്ങളും റോസാപ്പൂക്കളും ആശംസാ കാർഡുകളും ഡ്രൈവർമാർക്ക് വിതരണം ചെയ്‌തുകൊണ്ടാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പുകൾ നൽകിയത്.
മാത്രമല്ല, റോഡിൽ പറഞ്ഞിട്ടുള്ള വേഗപരിധി പാലിക്കണമെന്നും വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണം. സീറ്റ് ബെൽറ്റ് ധരിക്കണമെന്നും 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ ചൈൽഡ് സീറ്റ് ഉപയോഗിക്കണമെന്നും പോലീസ് ഡ്രൈവർമാരോട് പറഞ്ഞു.