മരുഭൂമിയിൽ പൂച്ചകളെ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി). റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഡിഎംടി ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു, ലഭ്യമായ എല്ലാ ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ധാർമികതയ്ക്കും മൂല്യങ്ങൾക്കും നിരക്കാത്ത മനുഷ്യത്വരഹിതമായ പ്രവൃത്തിചെയ്ത കുറ്റവാളികളെ തിരിച്ചറിയാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അന്വേഷണങ്ങൾ നടത്തുകയാണെന്ന് ഡിഎംടി പ്രസ്താവിച്ചു.
പൊതുജനങ്ങളുടെ വികാരങ്ങളെ വിലമതിക്കുന്നുവെന്നും വിഷയത്തിൽ സന്നദ്ധപ്രവർത്തകരുടെ ഇടപെടലുകളെ അംഗീകരിക്കുന്നുവെന്നും അതോറിറ്റി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അധികൃതരുമായി പങ്കുവയ്ക്കാനും ആവശ്യപ്പെട്ടു. മൃഗങ്ങളെ ഉപേക്ഷിക്കുന്നതോ ദ്രോഹിക്കുന്നതോ ശ്രദ്ധയിൽപെട്ടാൽ 800555 എന്ന നമ്പറിൽ അറിയിക്കണമെന്ന് ഡിഎംടി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.