2023 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയോടെ ജല അക്കൗണ്ടുകൾ 1,023,079 എത്തിയതായിദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) അറിയിച്ചു. 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയത്. ദേവയുടെ സുസ്ഥിരതയോടുള്ള സമീപനം, ദുബായ് ഇൻ്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് മാനേജ്മെൻ്റ് സ്ട്രാറ്റജി 2030-നോട് യോജിക്കുന്നതായും അധികൃതർ പറഞ്ഞു.
ജലസ്രോതസ്സുകൾ വർദ്ധിപ്പിക്കുന്നതിലും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലും ദേവ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജല ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നുണ്ട്. ജലനഷ്ടം 1989-ലെ 42.5% ൽ നിന്ന് 2.2% ആയി കുറയ്ക്കാനായത് നേട്ടമാണെന്ന് ദേവയുടെ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
ദേവയുടെ ജബൽ അലി പവർ ആൻഡ് ഡീസലിനേഷൻ കോംപ്ലക്സിന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥിരീകരിച്ചതും അഭിമാനകരമായ നേട്ടമാണ്. ഏറ്റവും വലിയ ഒറ്റ-സൈറ്റ് പ്രകൃതി വാതക വൈദ്യുതോൽപ്പാദന സൗകര്യം, പ്രതിദിനം 2,227,587 ക്യുബിക് മീറ്ററിന് തുല്യമായ 490 എംഐജിഡി ഉൽപാദന ശേഷി എന്നിവയാണ് നേട്ടത്തിലെത്തിച്ചത്.
ജബൽ അലി പവർ ജനറേഷൻ & വാട്ടർ പ്രൊഡക്ഷൻ കോംപ്ലക്സിന്റെ രണ്ടാമത്തെ ലോക റെക്കോർഡാണിത്. 2021-ൽ, കോംപ്ലക്സ് ലോകത്തിലെ ഏറ്റവും വലിയ ഒറ്റ-സൈറ്റ് പ്രകൃതി വാതക വൈദ്യുതോൽപാദന കേന്ദ്രമായി സ്ഥിരീകരിച്ചിരുന്നതായും ദേവ അറിയിച്ചു.