യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ ജീവനക്കാർക്ക് യുഎഇ സർക്കാർ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്.
അനുവദിച്ച രണ്ട് ദിവസത്തെ അവധിക്ക് പുറമെ ശനി, ഞായർ എന്നീ വാരാന്ത്യം കൂടി കണക്കിലെടുക്കുമ്പോൾ ജീവനക്കാർക്ക് തുടർച്ചയായ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. അവധിക്ക് ശേഷം മന്ത്രാലയങ്ങളിലെയും ഫെഡറൽ സ്ഥാപനങ്ങളിലെയും പതിവ് പ്രവൃത്തി സമയം ഡിസംബർ 4ന് (ബുധൻ) പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
1971-ൽ രാജ്യത്തിൻ്റെ ഏകീകരണം ആഘോഷിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 2നാണ് യുഎഇ ദേശീയ ദിനമായി ആചരിക്കുന്നത്. ഈ വർഷം 53-ാം ദേശീയ ദിനമാണ് രാജ്യം ആഘോഷിക്കുന്നത്.