സാംസ്ക്കാരിക ടൂറിസം മേഖലയുടെ വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കി വരുന്ന അബൂദാബിയുടെ മറ്റൊരു നേട്ടം കൂടിയാവുകയാണ് ടീം ലാബ്. സഅദിയാത്ത് ദ്വീപിൽ ഒരുങ്ങുന്ന മേഖലയിലെ ഏറ്റവും വലിയ മ്യൂസിയമായ ടീംലാബ് ഫിനോമിനയുടെ നിർമാണം 70 ശതമാനം പൂർത്തിയായിട്ടുണ്ട്. അബൂദബി സാംസ്കാരിക-ടൂറിസം മന്ത്രാലയവും മിറാലും ചേർന്നാണ് ഈ ബൃഹത് പദ്ധതി പൂർത്തിയാക്കുന്നത്. 17000 ചതുരശ്രമീറ്ററിൽ നിർമാണം പുരോഗമിക്കുന്ന ടീം ലാബ് ഫിനോമിന 2024ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എൻവയോൺമെന്റൽ ഫിനോമിന എന്ന പുതിയ കലാ ആശയം ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. വൈവിധ്യമാർന്ന ആഗോള പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു വ്യതിരിക്ത സാംസ്കാരിക സംഗമമായിരിക്കും ടീം ലാബിലേത്. ലോകത്തെക്കുറിച്ചുള്ള പുതിയ വീക്ഷണം പര്യവേക്ഷണം ചെയ്യാൻ സന്ദർശകരെ അനുവദിക്കുന്നതായിരിക്കും ടീംലാബ്. പരിസ്ഥിതിയും അതുണ്ടാക്കുന്ന വിവിധ അപൂർവതകളുമാണ് ടീം ലാബ് ഫിനോമി അബൂദബിയിൽ ഉണ്ടാവുക. കൂടാതെ യാസ് ഐലൻഡിലും അബൂദബിയിലുടനീളവുമായി മിറാൽ നിർമിച്ചുവരുന്ന 13 ബില്യൻ ദിർഹമിന്റെ പദ്ധതികളിൽ ഉൾപ്പെട്ടതാണ് ഈ പദ്ധതിയും.
അതേസമയം അബൂദാബിയെ ആഗോള ബിസിനസ്, നിക്ഷേപ, വിനോദസഞ്ചാര ഹബ്ബായി മാറ്റിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ‘അബൂദബി ഇക്കോണമിക് വിഷൻ 2030ന്റെ വിവിധ പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. ഇതിലൂടെ ഊർജ്വസ്വലവും സുസ്ഥിരവുമായ ടൂറിസം ഹബ്ബായി അബൂദാബിയെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.