യുഎഇയില്‍ ഇന്നും കോവിഡ് കേസുകളുട എണ്ണം 1400 കടന്നു. ഇന്ന് 1464 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 1401പേര്‍ രോഗമുക്തി നേടി കോവിഡ് മൂലം രണ്ട് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിലെ ആകെ മരണസംഖ്യ 2.308 ആയി.
ആഗോള തലത്തില്‍ കോവിഡ് കേസുകൾ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രാ നിബന്ധനകളും യുഎഇ കൂടുതല്‍ കര്‍ശനമാക്കി. യുഎഇയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ക്യൂആര്‍ കോഡോഡു കൂടിയ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. വാക്സിന്‍ സ്വീകരിക്കാത്തവര്‍ 48 മണിക്കൂറിനുളളിലെ പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അതേസമയം യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുളള യാത്രയ്ക്കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാക്സിനെടുക്കാത്തവര്‍ 72 മണിക്കൂറിനുളളിലെ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. യുഎഇയില്‍ അടച്ചിട്ട ഇടങ്ങളിലെ മാസ്ക് ഉപയോഗം ദിവസങ്ങൾക്ക് മുമ്പ് നിര്‍ബന്ധമാക്കിയിരുന്നു.
യുഎഇയില്‍ 100 ശതമാനം പ്രതിരോധ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷം പ്രതിദിന രോഗവ്യാപനതോത് ഉയരുകയായിരുന്നു.