ദുബായിലെ ഗ്രാമീണ പ്രദേശങ്ങളും മരുഭൂമി അതിര്‍ത്തികളും കൂടുതല്‍ വികസിതവും പ്രകൃതി സുരക്ഷിതവുമാക്കാനുളള പദ്ധതികളുമായി ഭരണാധാകാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പ്രകൃതിദത്ത റിസർവുകൾ, മരുഭൂമിയിലെ കായിക വിനോദങ്ങൾക്കുള്ള സ്റ്റേഷനുകൾ, ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങൾക്കായുളള വികസന സംരംഭങ്ങൾ തുടങ്ങി വിവിധ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. പ്രദേശം സന്ദര്‍ശിച്ച ൈശഖ് മുഹമ്മദ് പദ്ധതിയുടേയും പദ്ധതി നടത്തിപ്പിന്‍റേയും രൂപരേഖയും പുറത്തുവിട്ടു.
ദുബായിലെ ഗ്രാമപ്രദേശങ്ങളിലും മരുഭൂമിയിലും വ്യത്യസ്തവും പുതിയതുമായ ടൂറിസം അനുഭവം നൽകുകയെന്ന ലക്ഷ്യവും പിന്നിലുണ്ട്. 2,216 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പദ്ധതിയിൽ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും, പുരാവസ്തു സംരക്ഷണ സ്ഥലങ്ങളും ഉണ്ടാകും. കർഷകരെയും പ്രാദേശിക ഉൽപ്പന്നങ്ങളെയും പിന്തുണയ്ക്കുന്നതിനും അവസരങ്ങൾ ഒരുങ്ങും.
സഞ്ചാരികൾക്കായി 100 കിലോമീറ്റര്‍ ട്രക്കിംഗിനും സംവിധാനമൊരുക്കി. ലുസൈലി, ലെഹ്ബാബ്, അൽ മർറാം, അൽ ഫഖാ, അൽ അവീർ തുടങ്ങിയ പ്രദേശങ്ങളിലാണ് ട്രക്കിംഗിനായി പാതയും റിസർവുകളും വികസിതമാവുക. തടാകങ്ങളുടെ മനുഷ്യനിർമിത ശേഖരമായ സൈഹ് അൽ സലാമും പദ്ധതിയുടെ ഭാഗമാകും. അൽ ഖുദ്ര സൈക്കിൾ പാതയ്ക്കും ലവ് തടാകങ്ങൾക്കും സമീപമാണ് പദ്ധതി പ്രദേശം.
100 കിലോമീറ്റർ സൈഹ് അൽ സലാം പദ്ധതിയിൽ സറൂഖ് അൽ-ഹദീദ്, അൽ മർമൂം ഹെറിറ്റേജ് വില്ലേജ്, കുതിര, ഒട്ടക സവാരി, മരുഭൂമിയിലെ നടത്തം തുടങ്ങിയ പുരാതന സ്ഥലങ്ങളിലേക്കുള്ള യാത്രകളും ഉൾപ്പെടുന്നു. രണ്ടാം ഘട്ടമെന്ന നിലയില്‍ അൽ ഖുദ്രയിലും സൈഹ് അൽ സലാമിലും നിലവിലുള്ള 90 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുമായി ബന്ധിപ്പിക്കും.
ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാണ് ദുബായ്ക്കുളളത്, അടുത്ത ലക്ഷ്യം ദുബായിലെ ഗ്രാമപ്രദേശങ്ങളും മരുഭൂമിയും ഏറ്റവും ആസ്വാദ്യകരവും മനോഹരവുമാക്കുക എന്നതാണെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് ശൈഖ് മുഹമ്മദ് ട്വീറ്ററിര്‍ കുറിച്ചു. നഗരത്തിന് തെക്ക് പുതുതായി സൃഷ്ടിച്ച പ്രകൃതി സംരക്ഷണ കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു.
ഹോട്ട് എയർ ബലൂൺ ടൂറുകൾ, ഹെലികോപ്റ്റർ റൈഡുകൾ, ഡ്യൂൺ ബഗ്ഗി റെന്റലുകൾ എന്നിവയ്ക്കായുളള കായിക കേന്ദ്രമെന്ന നിലയിലും പ്രവര്‍ത്തിക്കും.
ക്യാമ്പുകളും ലോഡ്ജുകളും, തടാകങ്ങളുടെ അരികിൽ ആളുകൾക്ക് താമസിക്കാൻ അനുവദിക്കുന്ന ഓപ്പൺ എയർ ലോഞ്ചുകളും നിർമ്മിക്കും. കയാക്ക് ബോട്ടുകളും വാടകയ്ക്ക് ലഭിക്കും. തടാകങ്ങൾക്കരികിൽ സുവനീർ ഷോപ്പുകളും കഫേകളും സ്ഥാപിക്കും. സൈഹ് അൽ സലാം സീനിക് റൂട്ട് പദ്ധതിയിൽ ഔട്ട്ഡോർ സിനിമ, കാരവൻ പാർക്ക് എന്നിവയും ഉൾപ്പെടും. നഗരാസൂത്രണത്തിനുള്ള സുപ്രിം കമ്മിറ്റിക്കാണ് നടത്തിപ്പിന്റെയും ഭരണത്തിന്റെയും ചുമതല.