ഷാർജയിലെ അമേരിക്കൻ സർവകലാശാല ഈ വർഷം നവംബർ 30 മുതൽ ഡിസംബർ 12 വരെ യുഎഇയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങളിൽ അവരുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെക്കുന്നതിനായി ലോകമെമ്പാടുമുള്ള കാലാവസ്ഥാ പ്രവർത്തന വിദഗ്ധരെ കാമ്പസിലേക്ക് കൊണ്ടുവരുന്ന കോപ്-28 സ്പീക്കർ സീരീസും സർവകലാശാല ആരംഭിച്ചു.
കോപ്28 സർവകലാശാലക്ക് അവരുടെ സുസ്ഥിര നേട്ടങ്ങൾ പ്രദർശിപ്പിക്കാനും, ഫാക്കൽറ്റിയുടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഗവേഷണ മുന്നേറ്റങ്ങൾ പ്രചരിപ്പിക്കാനും അതുല്യമായ അവസരമാണ് ഇതോടെ ഒരുങ്ങുന്നത്. അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സസ്റ്റൈനബിലിറ്റി ഇൻ ഹയർ എഡ്യൂക്കേഷൻ്റെ 2022 സുസ്ഥിര കാമ്പസ് സൂചിക പ്രകാരം സുസ്ഥിരതയിൽ കമ്മ്യൂണിറ്റി ഇടപഴകുന്നതിന് ലോകമെമ്പാടുമുള്ള മികച്ച അഞ്ച് സ്ഥാപനങ്ങളിൽ ഒന്നായി ഷാർജയിലെ അമേരിക്കൻ സർവകലാശാലയെ റാങ്ക് ചെയ്തിട്ടുണ്ട്.
കോപ്-28 സ്പീക്കർ സീരീസിൽ അബുദാബിയിലെ പ്രശസ്ത കാലാവസ്ഥാ വ്യതിയാന ഉപദേഷ്ടാവായ മുവാഫഖ് അൽ ഖേദരിയായിരുന്നു ആദ്യ പ്രഭാഷകൻ. കാർബൺ എമിഷൻ മോഡലിംഗിനെക്കുറിച്ചും വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചകളാണ് അദ്ദേഹം പങ്കിട്ടത്. അന്തരീക്ഷ ജീവശാസ്ത്രം, ശാസ്ത്ര നയതന്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവ പഠിപ്പിക്കുന്ന അമേരിക്കൻ യൂണിവേഴ്സിറ്റി, വാഷിംഗ്ടൺ ഡിസിയിലെ ഗവേഷണ പ്രൊഫസറായ ഡോ. ക്ലെയർ വില്യംസ് ബ്രിഡ്ജ്വാട്ടർ ആയിരിക്കും പരമ്പരയിലെ അടുത്ത പ്രഭാഷകൻ.