യുഎഇയിൽ മഴ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വിവിധ എമിറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന ക്ലൗഡ് സീഡിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് രാജ്യത്ത് മഴ ശക്തമാകുന്നത്.
ദൂരക്കാഴ്ച മറയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ റോഡുകളിലെ വേഗ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്
കിഴക്കൻ മേഖലയിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. രാജ്യത്തെ താപനിലയിലും മാറ്റമുണ്ടാകും. രാത്രി കാലങ്ങളിൽ അന്തരീക്ഷ ഈർപ്പം കൂടും. പുലർ കാലങ്ങളിലും രാവിലെയും മൂടൽമഞ്ഞ് ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ആഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നു. ഈ മാസം അവസാനം വരെ ക്ലൗഡ് സീഡിംഗ് തുടരാനാണ് തീരുമാനം.