ബഹുനില കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍നിന്നോ ജനാലകളിലൂടെയോ കുട്ടികള്‍ വീഴാതിരിക്കാന്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍. ചെറിയ അശ്രദ്ധപോലും വന്‍ അപകടങ്ങള്‍ക്കു കാരണമാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യു.എ.ഇയില്‍ വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചത് 17 കുട്ടികളെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കുട്ടികൾക്ക് സുരക്ഷ ഒരുക്കുന്നതില്‍ കെട്ടിട നിര്‍മ്മാതാക്കളും താമസക്കാരും ജാഗ്രത പുലര്‍ത്തണം. കുട്ടികളെ വീടിനുളളില്‍ തനിച്ചാക്കി മുതിര്‍ന്നവര്‍ പുറത്തുപോകരുതെന്നും പൊലീസ് അറിയിച്ചു. പൊലീസ് വിഭാഗം ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്. വീടുകളുടേയും കെട്ടിടങ്ങളുടേയും ജനാല തുറന്നിടുമ്പോൾ അപകടം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കസേരയൊ മേശയൊ ഉപയോഗിച്ച് പുറത്തെ കാഴ്ചകൾ കാണാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കരുത്. ബാല്‍ക്കണികളിലും ജനാലകളിലും അപകടം ഒഴിവാക്കാന്‍ അധിക സുരക്ഷ ഒരുക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. ഇതിനായി പ്രത്യേക വേലിയൊ കവചമൊ ഒരുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവരുടെ സാനിധ്യമില്ലാതെ കുട്ടികൾ ബാല്‍ക്കണിയില്‍ ഇറങ്ങാനും അനുവദിക്കരുത്.
ഷാര്‍ജയിലും ഫുജൈറയിലും ഈ വര്‍ഷം രണ്ടു കുട്ടികൾ കെട്ടിടങ്ങളില്‍ നിന്ന് വീണ് മരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഷാര്‍ജയിലെ ബഹുനില മന്ദിരത്തിന്റെ 13ആം നിലയിലെ ജനാലയില്‍ കുടുങ്ങിയ അഞ്ച് വയസ്സുകാരന് ഭാഗ്യത്തിന്റെ പിന്തുണയിലാണ് രക്ഷപെട്ടത്. കുട്ടികളുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായാല്‍ രക്ഷിതാക്കൾക്ക് തടവും പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.