വയനാട്ടിൽ നൂറുകണക്കിനാളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്ത പ്രകൃതിദുരന്തത്തെ തുടർന്ന് അനാഥമായ കുട്ടികളെ ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് അബുദാബി ആസ്ഥാനമായ അഹലിയ മെഡിക്കൽ ഗ്രൂപ്പ്.ഉണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരമാകില്ലെങ്കിലും പരമാവാധി കുട്ടികളെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് ഹെൽത്ത് കെയർ ഗ്രൂപ്പിലെ ഓപ്പറേഷൻസ് സീനിയർ മാനേജർ സൂരജ് പ്രഭാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദത്തെടുക്കൽ നടപടികൾ മനസ്സിലാക്കാൻ സംഘം കേരള സർക്കാരുമായും ജില്ലാ ഭരണകൂടവുമായും ചർച്ചകൾ നടത്തിവരികയാണ്. ദുരന്തത്തിന് ഇരയായവർക്ക് വൈകാരികവും മാനസികവുമായ പിന്തുണ ആവശ്യമാണെന്നും സംസ്ഥാന സർക്കാരിൻ്റെയും പ്രാദേശിക അധികാരികളുടെയും അനുമതിക്കായി കാത്തിരിക്കുകയാണെന്നും സൂരജ് പ്രഭാകരൻ പറഞ്ഞു.
ഇത്തരം വിനാശകരമായ സാഹചര്യങ്ങളിൽ കുട്ടികളാണ് മിക്കപ്പോഴും കഷ്ടപ്പെടുന്നത്. അവരുടെ മാതാപിതാക്കളെ തിരികെ കൊണ്ടുവരാനോ പകരക്കാരനാകാനോ കഴിയില്ലെന്നറിയാം. എന്നാൽ അവർക്ക് ജീവിതത്തിൽ ഒരു അവസരം നൽകുക എന്നതാണ് ചെയ്യാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2006 ൽ സ്ഥാപിതമായ അഹലിയ ചിൽഡ്രൻസ് ഹോമിൻ്റെ മേൽനോട്ടത്തിലാകും കുട്ടികളുടെ സംരക്ഷണം. പാലക്കാട് ജില്ലയിലെ വിശാലമായ കാമ്പസിൽ കുട്ടികളെ പുനരധിവസിപ്പിക്കാനാണ് പദ്ധതി. നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് കുട്ടികൾക്കായി പ്രത്യേക ഷെൽട്ടറുകൾ, വിദ്യാഭ്യാസം, കൗൺസിലിംഗ്, മൂല്യങ്ങൾ എന്നിവ നൽകാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc