ഈദ് അൽ അദ്ഹയുടെ മുന്നോടിയായി ദുബായിലെയും ഷാർജയിലെയും കന്നുകാലി ചന്തകളിൽ ആടുമാടുകൾ എത്തിത്തുടങ്ങി. ഓസ്‌ട്രേലിയ, ഇന്ത്യ, പാകിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നാണ് ആടുകളേയും മറ്റ് മൃഗങ്ങളേയും എത്തിക്കുന്നത്.
പ്രാദേശിക ആവശ്യം വർധിക്കുന്നത് കണക്കിലെടുത്താണ് കൂടുതൽ ആടുമാടുകളെ എത്തിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. പതിവിലും അൽപ്പം കൂടുതൽ വിലയാണ് നിലവിലുളളതെന്നും വരും ദിവസങ്ങളിൽ വിലകുറയുമെന്നും വ്യാപാരികൾ സൂചിപ്പിച്ചു.
അഞ്ഞൂറ് ദിർഹം മുതൽ 1400 ദിർഹം വരെയാണ് നിലവിൽ ഈടാക്കുന്നത്.
7 കിലോ ഭാരമുള്ള സോമാലിയൻ ആടുകൾക്ക് ഏകദേശം 500 ദിർഹമാണ് വില, അതേ ഇനത്തിൽപ്പെട്ട വലിയ ആടുകൾക്ക് 15 കിലോ വരെ ഭാരവും 800 ദിർഹം വിലയും വരുമെന്ന അൽ ഖമാസ് മേഖലയിലെ കന്നുകാലി വ്യാപാരി പറയുന്നു. ഇന്ത്യൻ ആടുകളുടെ വില 8 കിലോയ്ക്ക് 800 ദിർഹം മുതൽ ആരംഭിക്കുന്നു. വലിയ ആടുകൾക്ക് 1,200 ദിർഹം വരെ വില ഉയരും.
അതേസമയം വലിയ മൃഗങ്ങൾക്ക് 4000 ദിർഹം മുതൽ 8,000 ദിർഹം വരെ വിലയെത്തും. ഈദ് അൽ അദ്ഹയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ മൃഗങ്ങളെ എത്തിക്കാനാകുമെന്നാണ് വിൽപ്പനക്കാരുടെ കണക്കുകൂട്ടൽ.