ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്കായി സൗജന്യ സ്തനാർബുദ പരിശോധന കാമ്പയിൻ സംഘടിപ്പിക്കുന്നു. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് (എഫ്.ഒ.സി.പി) ആണ് ശനിയാഴ്ച സ്തനാർബുദ പരിശോധന നടത്തുന്നതിന് വേണ്ടി ക്യാമ്പ്യയിൻ നടത്തുന്നത്.
ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയന് പിന്നിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മൊബൈൽ ക്ലിനിക്കിലും മിനി വാൻ ക്ലിനിക്കിലും സൗജന്യമായി രോഗനിർണയം നടത്താൻ കഴിയും. കൂടാതെ സ്തനാർബുദ ബോധവത്കരണം ശക്തമാക്കുന്നതിന് വേണ്ടി 50 സൈക്ലിസ്റ്റുകൾ അടങ്ങുന്ന ഒരു സംഘം അൽ ഖുദ്രയിൽനിന്ന് ഗ്ലോബൽ വില്ലേജിലേക്ക് 100 കിലോമീറ്റർ ദൂരത്തിൽ പിങ്ക് റൈഡ് നടത്തുകയും ചെയ്യും. സ്തനാർബുദത്തിനെതിരായ പോരാട്ടത്തിൽ നേരത്തെയുള്ള രോഗ നിർണയത്തിനും അവബോധം വളർത്തുന്നതിനും ഇത്തരം കാമ്പയിൻ സഹായകമാവുമെന്ന് എഫ്.ഒ.സി.പി അധികൃതർ അറിയിച്ചു.
അതേസമയം സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഒക്ടോബറിൽ നിരവധി ബോധവത്കരണ പരിപാടികൾ യു.എ.ഇയിൽ നടന്നുവരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദ രോഗികളിൽ 12 ശതമാനവും സ്തനാർബുദമാണ്. നേരത്തെ രോഗനിർണയം നടത്തുകയെന്നത് അർബുദ ചികിത്സയിൽ വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.