യാസ് ദ്വീപിലും സാദിയാത്ത് ദ്വീപിലും ആദ്യമായി അത്യാധുനിക ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസിറ്റ് ( ART ) സേവനം ആരംഭിച്ചു. അബുദാബിയുടെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ ആണ് ഇതിന് തുടക്കം കുറിച്ചത്. പരിസ്ഥിതി സൗഹൃദവും എമിഷൻ രഹിതവുമായ ഈ സേവനം വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പ്രവർത്തിക്കുക. ഓരോ ട്രിപ്പിലും 200 പേർക്ക് യാത്ര ചെയ്യാനാവും.
ഇലക്ട്രാ സ്ട്രീറ്റ് എന്നറിയപ്പെടുന്ന സായിദ് ദി ഫസ്റ്റ് സ്ട്രീറ്റ് വഴി റീം മാളിനും ( റീം ഐലൻഡിൽ) മറീന മാളിനും (അബുദാബി കോർണിഷിന്റെ അവസാനം) ഇടയിലുമാണ് ART-കൾ പ്രവർത്തിക്കുന്നത്. സ്മാർട്ട് മൊബിലിറ്റി പദ്ധതിയുടെ പുതിയ ഘട്ടമായ ഈ സംവിധാനത്തിലൂടെ സന്ദർശകർക്കും താമസക്കാർക്കും നഗരം ചുറ്റിക്കറങ്ങാനാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ആദ്യ ട്രിപ്പ് രാവിലെ 10 മണിക്ക് അൽ റീം മാളിൽ നിന്ന് തുടങ്ങും. അവസാനത്തേത് ഉച്ചയ്ക്ക് 2 മണിക്കായിരിക്കും. കൂടാതെ മറീന മാളിൽ നിന്ന് രാവിലെ 11 മണിക്ക് തുടങ്ങുകയും അവസാന ട്രിപ്പ് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും ആരംഭിക്കും. അതേസമയം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഗൂഗിൾ മാപ്പിലൂടെയും ഔദ്യോഗിക ഡാർബി ആപ്പിലൂടെയും തത്സമയ യാത്രാ സമയം ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്ലഷ് സീറ്റുകളും പനോരമിക് വിൻഡോകളും ഡിജിറ്റൽ സ്റ്റോപ്പ് നോട്ടിഫിക്കേഷനും ഉള്ള വികസിത രാജ്യങ്ങളിലെ ഏറ്റവും മികച്ച മെട്രോ കാറുകളിൽ കാണുന്നത് പോലെയാണ് ഇതിലെ ഇരിപ്പിട ക്രമീകരണം സജ്ജമാക്കിയിട്ടുള്ളത്. ഒരു പൊതുഗതാഗത ബസ് പോലെ തന്നെ എആർടി വാഹനങ്ങൾക്ക് തടസ്സമില്ലാതെ പാതകൾ മാറ്റാനുള്ള കഴിവും ഇതിനുണ്ട്.